മൂന്നുപതിറ്റാണ്ടോളം വേദികളില്‍ നിറഞ്ഞുനിന്ന മിമിക്രി താരം; പാലാ സുരേഷ് മരിച്ചനിലയില്‍

കൊച്ചി: മിമിക്രി താരം സുരേഷ് കൃഷ്ണ (പാലാ സുരേഷ്-53) പിറവത്ത് വാടകവീട്ടില്‍ മരിച്ച നിലയില്‍. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നുപതിറ്റാണ്ടോളമായി മിമിക്രി വേദികളില്‍ നിറഞ്ഞുനിന്ന കലാകാരനാണ്.

ഞായറാഴ്ച രാവിലെ പതിവുസമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതിരുന്നപ്പോഴാണ് വിവരമറിഞ്ഞത്. അകത്ത് നിന്നടച്ചിരുന്ന വാതില്‍ തള്ളിത്തുറന്ന് ഉടനടി പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഉറക്കത്തില്‍ ഹൃദയസ്തംഭനം ഉണ്ടായതായാണ് നിഗമനം. പിറവം തേക്കുംമൂട്ടില്‍പ്പടിക്കടുത്ത് കുടുംബസമേതം വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

മെഗാ ഷോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രശസ്തനായി മാറിയ പാലാ സുരേഷ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വേദിയില്‍ അനുകരിച്ചതോടെയാണ് കൂടുതല്‍ അറിയപ്പെട്ടത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും ടെലിവിഷന്‍ കോമഡി പ്രോഗ്രാമുകളിലും വേഷമിട്ടിരുന്നു. എബിസിഡി എന്ന മലയാളം സിനിമയില്‍ ഒരു പത്ര പ്രവര്‍ത്തകന്റെ വേഷം ചെയ്തിരുന്നു. കൊല്ലം നര്‍മ ട്രൂപ്പില്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റായിരുന്നു. കൊച്ചിന്‍ രസികയിലും സജീവമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!