വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു

പാലക്കാട് : വാളയാറില്‍ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് രണ്ട് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു. വാളയാര്‍-കോയമ്പത്തൂര്‍ റൂട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം. ലാവണ്യ (40), മലര്‍ (40) എന്നിവരാണ് മരിച്ചത്. വാളയാര്‍ ചെക്ക് പോസ്റ്റിന് സമീപം വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു.

രണ്ട് കുടുംബങ്ങളില്‍ നിന്നായുള്ള ഏഴുപരാണ് കാറിൽ ഉണ്ടായിരുന്നത്. കുട്ടികള്‍ക്കായി കാക്കനാട്ട് നടന്ന ഒരു സംഗീതപരിപാടിയില്‍ പങ്കെടുത്ത ശേഷം തിരിച്ച് ചെന്നൈയിലെ പെരുമ്പം എന്ന സ്ഥലത്തേക്ക് പോവുകയായിരുന്നു ഇവര്‍. കാറിന്റെ ഇടുതവശത്ത് മുന്‍സീറ്റിലും പിന്‍സീറ്റിലുമായി ഇരുന്നവരാണ് മരിച്ചത്.

വാഹനം വെട്ടിപ്പൊളിച്ച്, വളരെ ശ്രമപ്പെട്ടാണ് ഇരുവരെയും വാഹനത്തില്‍നിന്നും പുറത്തെടുത്തത്. സ്ത്രീകളെ ആദ്യം പരിസരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ രണ്ട് ചെറിയ കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മലരിന്റെ മകന്റെ സ്ഥിതി അതീവഗുരുതരമാണ്.

ഈ കുട്ടിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനം ഓടിച്ചിരുന്ന സെല്‍വം, ലാവണ്യയുടെ ഭര്‍ത്താവ് സായിറാം, ഇരുവരുടേയും കുട്ടികള്‍ എന്നിവരെയെല്ലാം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!