തിരുവനന്തപുരം : വിഴിഞ്ഞത്ത് ക്ഷേത്രജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. നെയ്യാറ്റിൻകര ഡാലുമുഖം സ്വദേശി രാഹുൽ വിജയനാണ് (26) മരിച്ചത്. പ്രഷർഗൺ ഉപയോഗിക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റു എന്നാണ് വിവരം. ക്ഷേത്ര പരിസരം പ്രഷർഗൺ ഉപയോഗിച്ച് വൃത്തി ആക്കുന്നതിനിടയിലായിരുന്നു സംഭവം. ക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരനാണ് രാഹുൽ.
മറ്റൊരു സംഭവത്തിൽ കോഴിക്കോട് വടകരയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. വടകര തോടന്നൂർ ആശാരികണ്ടി ഉഷ (53) ആണ് മരിച്ചത്. വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണാണ് അപകടമുണ്ടായത്. ഉഷ രാവിലെ മുറ്റമടിക്കുമ്പോൾ വൈദ്യുതി ലൈനിനോടൊപ്പം പൊട്ടിവീണ മരകൊമ്പിൽ നിന്നാണ് ഷോക്കേറ്റത്. ഉടൻതന്നെ ഉഷയെ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനിൽ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനിടെ പ്രഷർ ഗണ്ണിൽ നിന്ന് ഷോക്കേറ്റ് ശുചീകരണ ജീവനക്കാരന് ദാരുണാന്ത്യം
