തിരുവനന്തപുരം : സ്വാതന്ത്ര്യദിനത്തോടനു ബന്ധിച്ച് രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സംഘടിപ്പിച്ച ‘അറ്റ് ഹോം’ വിരുന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ബഹിഷ്‌കരിച്ചു. സർക്കാരും ഗവർണറും തമ്മിൽ നിലനിൽക്കുന്ന കടുത്ത അഭിപ്രായവ്യത്യാസങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പരിപാടിയിൽ പങ്കെടുത്തില്ല. ചീഫ് സെക്രട്ടറി മാത്രമാണ് പങ്കെടുത്തത്.
സർവകലാശാലാ ചാൻസലർ പദവി, ബില്ലുകൾക്ക് അംഗീകാരം നൽകാത്തത് തുടങ്ങിയ വിഷയങ്ങളിൽ ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ മാസങ്ങളായി തുറന്ന പോര് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സ്വാതന്ത്ര്യദിനത്തിലെ ഔദ്യോഗിക ചടങ്ങ് ബഹിഷ്കരിക്കാനുള്ള തീരുമാനം.
സാധാരണയായി, സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഗവർണർമാർ നടത്തുന്ന ഈ വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കാറുണ്ട്. എന്നാൽ, ഈ വർഷം ഉന്നത ഉദ്യോഗസ്ഥരായ ചീഫ് സെക്രട്ടറിയും ഡി.ജി.പി.യും മാത്രമാണ് സർക്കാരിന്റെ പ്രതിനിധികളായി ചടങ്ങിൽ പങ്കെടുത്തത്.
സർക്കാർ – ഗവർണർ ഭിന്നത രൂക്ഷം; രാജ്ഭവനിലെ ‘അറ്റ് ഹോം’ പരിപാടി മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചു
