നാഗാലാൻഡ് ഗവർണർ എൽ ഗണേശൻ അന്തരിച്ചു

ചെന്നൈ: നാഗാലാൻഡ് ഗവർണറും മുൻ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനുമായിരുന്ന എൽ ഗണേശൻ അന്തരിച്ചു. അദ്ദേഹത്തിനു 80 വയസായിരുന്നു. ഓഗസ്റ്റ് എട്ടിനു ചെന്നൈയിലെ വീട്ടിൽ അദ്ദേഹം കുഴഞ്ഞു വീണിരുന്നു. വീഴ്ചയിൽ തലയ്ക്കു ഗുരുതര പരിക്കേറ്റ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ട് ആറരയോടെയാണ് മരണം സ്ഥിരീകരിച്ചത്.

മണിപ്പൂർ ഗവർണറായിരിക്കെയാണ് 2023ൽ രാഷ്ട്രപതി  ഗണേശനെ നാഗാലാൻഡ് ഗവർണറായി നിയമിച്ചത്. തഞ്ചാവൂർ സ്വദേശിയാണ്. ബിജെപി സംസ്ഥാന സെക്രട്ടറിയായിരുന്നു. ബിജെപി ദേശീയ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ് പദവികളും വഹിച്ചിട്ടുണ്ട്. അവിവാഹിതനായ ഗണേശൻ മുഴുവൻ സമയ ആർഎസ്എസ് പ്രവർത്തകനുമായിരുന്നു.

2009, 2014 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ചെന്നൈ സൗത്ത് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് മധ്യപ്രദേശിൽ നിന്നു രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2021ലാണ് അദ്ദേഹം മണിപ്പൂർ ഗവർണറായത്. പിന്നീടാണ് നാഗാലാൻഡിന്റെ ചുമതലയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!