കോട്ടയം : മൂന്നു മാസത്തോളമായി ശമ്പളം ലഭിക്കാത്തതിനാല്‍ പാമ്പാടി റബ്‌കോ യൂണിറ്റിലെ ജീവനക്കാര്‍ സമരത്തിലേക്ക്. കണ്ണൂർ കേന്ദ്രമാക്കി സിപിഎം നിയന്ത്രണത്തിലുള്ള കേരള സ്റ്റേറ്റ് റബ്ബർ കോ ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് റബ്‌കോ.
കഴിഞ്ഞ 76 ദിവസമായി തൊഴിലാളികള്‍ക്ക് വേതനം ലഭിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ മുതല്‍ തൊഴിലാളികള്‍ ഫാക്ടറിക്കു മുന്‍പില്‍സമരം ആരംഭിച്ചു.
പാമ്പാടിയില്‍ നടന്ന നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നെങ്കിലും തീരുമാനമായില്ല. ഇതിനുശേഷം ശമ്പളം വൈകിപ്പിക്കുകയാണെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.
മുന്‍പ് സമരം നടത്തിയപ്പോള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. റബ്‌കോയുടെ റബറൈസ്ഡ് ക്വയര്‍ മാട്രെസ് യൂണിറ്റാണ് പാമ്പാടിയിലേത്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മിനിമം കൂലിയാണ് തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നത്. അതുപോലും ഇപ്പോള്‍ കൃത്യമായി ലഭിക്കുന്നില്ല. ഉയര്‍ന്ന ഗ്രേഡ് ഉള്ളവർക്ക് മാത്രമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മിനിമം കൂലി ലഭിക്കുന്നത്. മറ്റ് ഗ്രേഡിലുള്ള തൊഴിലാളികള്‍ക്ക് മിനിമം കൂലിയില്‍ താഴെ മാത്രമാണ് ലഭിച്ചിരുന്നത്.
കഴിഞ്ഞ മൂന്നുമാസമായി ഉത്പാദനം ഗണ്യമായ കുറഞ്ഞ അവസ്ഥയിലാണ്. മുന്‍കാലങ്ങളില്‍ എട്ടു മണിക്കൂര്‍ ജോലിക്ക് ശേഷം അധിക ജോലിക്ക് ഇരട്ടിക്കൂലി നല്കിയിരുന്നു. ഇപ്പോള്‍ അത് നിര്‍ത്തലാക്കുകയും ഒരു കൂലിയായി കുറയ്ക്കുകയും ചെയ്തു. അതോടൊപ്പം ഉല്‍പാദനത്തിന്റെ ഓരോ മേഖലയിലും അധികം ഉത്പാദനത്തിന് ഇന്‍സെന്റീവ് സമ്പ്രദായം ഉണ്ടായിരുന്നതും നിര്‍ത്തലാക്കി.
തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും കൃത്യമായി കുറയ്ക്കുന്ന പിഎഫ് കമ്പനി കഴിഞ്ഞ നാല് വര്‍ഷമായി അടയ്ക്കുന്നില്ല. ശമ്പളം ഇല്ലാത്തതിനാല്‍ കഴിഞ്ഞവര്‍ഷം 40 പരം തൊഴിലാളികള്‍ രാജിവച്ചു. പിഎഫ് കുടിശിക ഉള്ളതിനാല്‍ അവര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ ലഭിച്ചില്ല. 2010 നുശേഷം ഇതുവരെ ശമ്പളപരിഷ്‌കരണം കമ്പനിയില്‍ ഉണ്ടായിട്ടില്ല.
ശമ്പളത്തിന്റെ കാര്യം ചോദിക്കുമ്പോള്‍ നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാണ് മാനേജ്‌മെന്റ് നിര്‍ത്തുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ജിഎസ്ടി കുടിശ്ശിക അടയ്ക്കാത്തതിനാല്‍ ഇപ്പോള്‍ ഒരു ലോഡും പോകാത്ത സ്ഥിതിയാണുള്ളത്. പലപ്പോഴായി യൂണിയന്‍ മുഖാന്തരം പല നിവേദനങ്ങളും നല്‍കിയെങ്കിലും ഒരു ഇടപെടലും ആരില്‍ നിന്നും ഉണ്ടായില്ല. ഇവിടെ സിഐടിയു യൂണിയന്‍ മാത്രമാണുള്ളത്. യൂണിയന്‍ നേതൃത്വം മാനേജ്‌മെന്റിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
പട്ടിണി കിടക്കേണ്ട അവസ്ഥ വന്നതിനാലാണ് പ്രത്യക്ഷ സമരത്തിന് ഇറങ്ങേണ്ടി വന്നത്. സഹകരണ വകുപ്പ് മന്ത്രി അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
