ന്യൂഡല്‍ഹി : കോടികളുടെ ഭൂമി തട്ടിപ്പുകേസില്‍, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്രയ്‌ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം നല്കി.
ഗുരുഗ്രാമില്‍ വാദ്രയ്‌ക്കു മൂന്നരയേക്കര്‍ ഭൂമി കോഴയായി ലഭിച്ചെന്നു കുറ്റപത്രത്തിലുണ്ട്.
എന്നാല്‍, താന്‍ ഏഴരക്കോടി രൂപയ്‌ക്ക് ഈ വസ്തു വാങ്ങിയതാണെന്നു വാദ്ര വിശദീകരിച്ചെങ്കിലും ഏഴരക്കോടി രൂപയുടെ ചെക്ക്, ഭൂമി വാദ്രയ്‌ക്കു നല്കിയ ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് മാറിയില്ലെന്ന് കണ്ടെത്തി. ഇതേ ഭൂമി പിന്നീട് 58 കോടി രൂപയ്‌ക്കു വാദ്ര ഡിഎല്‍എഫ് കമ്പനിക്കു വിറ്റു.
വാദ്ര ഡയറക്ടറായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് ഭൂമി നല്കിയത്. ഇത് അന്നത്തെ നഗരാസൂത്രണ മന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയില്‍ സ്വാധീനം ചെലുത്തി, ഹൗസിങ് ലൈസന്‍സ് കിട്ടാന്‍, ഓംകാരശ്വേര്‍ പ്രോപ്പര്‍ട്ടീസ് വാദ്രയ്‌ക്കു നല്കിയ കോഴയാണ്. ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഹൂഡ കോണ്‍ഗ്രസ് നേതാവാണ്. സോണിയാ ഗാന്ധിയായിരുന്നു അന്ന് കോണ്‍ഗ്രസ് അധ്യക്ഷ. വ്യക്തിപരമായ ഈ സ്വാധീനമുപയോഗിച്ച് വാദ്ര വഴി ലൈസന്‍സ് നേടുകയായിരുന്നു ഓംകാരേശ്വര്‍ കമ്പനി.
കുറ്റപത്രം ഫയലില്‍ സ്വീകരിച്ച പ്രത്യേക കോടതി 28നു ഹാജരാകാന്‍ വാദ്രയ്‌ക്ക് സമന്‍സ് അയച്ചു.
അതേസമയം കോടികളുടെ ഭൂമി തട്ടിപ്പുകേസില്‍ റോബര്‍ട്ട് വാദ്രയ്‌ക്ക് നല്‍കിയ കുറ്റപത്രം ഭാര്യയും വയനാട് എംപിയുമായ പ്രിയങ്ക വാദ്രയെ ബാധിച്ചേക്കാമെന്ന് നിയമവിദഗ്ധര്‍ പറഞ്ഞു. ഫരീദാബാദിലെ ആമിപൂരിലുള്ള, വാദ്രയുടേതെന്ന് കരുതുന്ന 39.7 ഏക്കര്‍ ഭൂമിയുടെ വിവരം പ്രിയങ്കയുടെ നാമനിര്‍ദേശ പത്രികയ്‌ക്ക് ഒപ്പമുള്ള സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ കേരള ഹൈക്കോടതി പ്രിയങ്കയ്‌ക്ക് നോട്ടീസ് അയച്ചിരുന്നു.
വാദ്രയുടെ 37 കോടി വിലമതിക്കുന്ന സ്വത്ത് ജൂലൈ 16ന് ഇഡി കണ്ടുകെട്ടിയിരുന്നു. അടുത്ത ദിവസമാണ് വാദ്ര, ഓംകാരേശ്വര്‍ ഡയറക്ടര്‍മാരായ സത്യാനന്ദ യാജീ, കേവല്‍ സിങ് വിര്‍ക് എന്നിവരടക്കം പത്ത് പേര്‍ക്കെതിരെ കുറ്റപത്രം നല്‍കിയത്. 20 സാക്ഷികളില്‍ നിന്ന് ഇഡി മൊഴിയെടുത്തിട്ടുണ്ട്. ഇവരില്‍ ഹരിയാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെടുന്നു.
2008 ഫെബ്രുവരി 12നാണ് വസ്തു പ്രമാണം ചെയ്തത്. എന്നാല്‍ ചെക്ക് മാറി കമ്ബനി പണമാക്കിയിട്ടില്ല. അതായത് വിലയാധാരം എന്ന ഓകാരശ്വേര്‍ കമ്പനിയുടെ വാദം കളവാണ്. മാത്രമല്ല വില്‍പ്പന ബിനാമി ഇടപാടാണ്. വെറും ഒരു ലക്ഷം രൂപ മാത്രം കൈവശമുള്ള ഓംകാരശ്വേര്‍ എന്ന കമ്പനി എവിടെ നിന്ന് ഏഴരക്കോടി നല്‍കിയെന്നും ഇഡി ആരായുന്നു. അതായത് സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി കമ്പനിയുടെ ബിനാമിയാണ് ഓംകാരേശ്വര്‍ കമ്പനി, ഇ ഡി വ്യക്തമാക്കി.
