ഡെറാഢൂണ്‍: ഉത്തരാഖണ്ഡിലെ ഹര്‍ഷില്‍ ഉണ്ടായ മേഘവിസ്‌ഫോടനം മൂലമുണ്ടായ മിന്നല്‍പ്രളയത്തില്‍ സൈനികരെയും കാണാതായി. ഹര്‍ഷിലെ സൈനിക ക്യാംപിലെ പത്തോളം സൈനികരെയാണ് കാണാതായതായാണ് റിപ്പോര്‍ട്ട്. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തില്‍ മേഘവിസ്‌ഫോടനമുണ്ടായതിന് പിന്നാലെയാണ് സുഖി ടോപ്പില്‍ സൈനിക ക്യാമ്പിന് സമീപത്തായി വീണ്ടും മേഘവിസ്ഫോടനമുണ്ടായതായത്. ധരാലിക്ക് സമീപം സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഇത്. അതേസമയം മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഉത്തരകാശിയിലെ മറ്റൊരിടത്തുകൂടി മിന്നല്‍ പ്രളയമുണ്ടായി.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ സാധ്യമായ എല്ലാ രീതിയിലും രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
മിന്നല്‍ പ്രളയത്തില്‍ സാല്‍ധറിലെ ജ്യോതിര്‍മഠ് മലരി റോഡ് ഒലിച്ചുപോയി. യാത്രക്കാരും പ്രദേശവാസികളും ശ്രദ്ധിക്കണമെന്ന് ചമോലി പൊലീസ് മുന്നറിയിപ്പു നല്‍കി. കനത്ത മഴ തുടരുന്നതിനാല്‍ നദികള്‍ക്കും പുഴകള്‍ക്കും സമീപം പോകുന്നത് ഒഴിവാക്കണമെന്ന് ഉത്തരകാശി പൊലീസിന്റെ മുന്നറിയിപ്പ്. അടിയന്തര സാഹചര്യത്തില്‍ 112 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും എക്‌സിലെ കുറിപ്പില്‍ പൊലീസ് അറിയിച്ചു.
മിന്നല്‍ പ്രളയത്തില്‍ 60 പേരെ കാണാനില്ല. മണ്ണിനും ചെളിക്കുമടിയില്‍ കൂടുതല്‍പേര്‍ പെട്ടിട്ടുണ്ടെന്ന് ആശങ്കയുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സുക്കി മേഖലയിലും മേഘവിസ്‌ഫോടനമുണ്ടായി. ഉച്ചകഴിഞ്ഞ് 1.45 ന് മലയില്‍നിന്നു കുത്തിയൊഴുകിവന്ന പ്രളയജലത്തില്‍ ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം ഒലിച്ചുപോകുകയായിരുന്നു. വാഹനങ്ങളും ജനങ്ങളുമടക്കം ഒഴുക്കില്‍പെട്ടു. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്നതിനാല്‍ ഹോംസ്റ്റേകളും മറ്റുമുള്ള സ്ഥലമാണിത്. നിരവധി വീടുകളും ഹോട്ടലുകളും ഒഴുകിപ്പോയിട്ടുണ്ട്. പ്രളയത്തില്‍ പെട്ട കെട്ടിടങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ തിരച്ചില്‍ തുടരുകയാണ്.
ദേശീയ ദുരന്തനിവാരണ സേനയുടെയും സംഘങ്ങളും കരസേനയും പൊലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സൈന്യവും എത്തിയിട്ടുണ്ട്. നിരവധി ഹോട്ടലുകള്‍ മിന്നല്‍പ്രളയത്തില്‍ ഒലിച്ചുപോയതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐടിബിപി സംഘം നിലവില്‍ ഹര്‍ഷില്‍ മേഖലയില്‍ ആണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
