ശ്രീനഗര്‍: ഇന്ത്യയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്‍. ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയില്‍ വെടിവെപ്പ് ഉണ്ടായി. കെ ജി സെക്ടറില്‍ രാത്രി ഏഴ് മണിയോടെയാണ് പാക് പ്രകോപനം ഉണ്ടായത്. പതിനഞ്ച് മിനിറ്റോളം നേരം വെടിവയ്പുണ്ടായി. സൈന്യം ശക്തമായി തിരിച്ചടിച്ചതായി കരസേന വൃത്തങ്ങള്‍ അറിയിച്ചു.
തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചേക്കാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണരേഖയില്‍ എല്ലായിടത്തും സൈന്യം ജാഗ്രതയിലാണ്. വീണ്ടും ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ വേണ്ടിയാണോ പാക് പ്രകോപനമെന്നും സംശയമുണ്ട്. 2019 ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതിന്റെ വാര്‍ഷികത്തിലാണ് വെടിവയ്പ് നടന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടാവുന്നത്.
ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാനിലെ ഭീകര, സൈനിക താവളങ്ങള്‍ സൈന്യം തകര്‍ത്തിരുന്നു. പിന്നീട് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയത്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ മലയാളി ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു.
