ന്യൂഡല്‍ഹി: രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കാന്‍ ഇന്ത്യന്‍ തപാല്‍ വകുപ്പ്. 2025 സെപ്റ്റംബര്‍ 1 മുതലാണ് 50 വര്‍ഷത്തോളം നീണ്ട സേവനം പോസ്റ്റല്‍ വകുപ്പ് നിര്‍ത്തലാക്കുന്നത്. തപാല്‍ സേവനങ്ങള്‍ ആധുനികവല്‍ക്കരിക്കു ന്നതിനും കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായി രജിസ്റ്റേര്‍ഡ് പോസ്റ്റ് സേവനങ്ങളെ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
രജിസ്റ്റേഡ് പോസ്റ്റിന് 25.96 രൂപയും ഓരോ 20 ഗ്രാമിനും 5 രൂപയും ആയിരുന്നു നിരക്ക്, അതേസമയം 50 ഗ്രാം വരെയുള്ള പാഴ്‌സലുകള്‍ക്ക് സ്പീഡ് പോസ്റ്റ് 41 രൂപയിലാണ് തുടങ്ങുന്നത്. രജിസ്റ്റേഡ് സേവനത്തെ അപേക്ഷിച്ച് 20 മുതല്‍ 25 ശതമാനം കൂടുതല്‍ ചെലവേറിയതാണിത്.
ഉയര്‍ന്ന നിരക്ക് വരുന്നതോടെ ചെറുകിട വ്യാപാരികള്‍, കര്‍ഷകര്‍, ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ എന്നിവരെയാണ് ബാധിക്കുക. വിശ്വാസ്യത, താങ്ങാനാവുന്ന വില, നിയമ സാധുത എന്നിവ കാരണം ഏറെ പ്രചാരം നേടിയാതായിരുന്നു രജിസ്റ്റേഡ് പോസ്റ്റ്. അപ്പോയ്മെന്റ് ലെറ്ററുകള്‍, ലീഗല്‍ നോട്ടീസുകള്‍, ഗവണ്‍മെന്റ് കത്തിടപാടുകള്‍ തുടങ്ങിയ സുപ്രധാന രേഖകള്‍ കൈമാറാന്‍ പതിറ്റാണ്ടുകളായി സ്വീകരിക്കുന്ന മാര്‍ഗമാണ് രജിസ്റ്റേഡ് പോസ്റ്റല്‍ സംവിധാനം.
രജിസ്റ്റര്‍ ചെയ്ത ഇനങ്ങളില്‍ 25 ശതമാനത്തിന്റെ കുറവുണ്ടായതായി ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നതിനാലാണ് തപാല്‍ വകുപ്പ് രജിസ്റ്റേഡ് പോസ്റ്റ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. 2011-12 ല്‍ 244.4 ദശലക്ഷത്തില്‍ നിന്ന് 2019-20 ല്‍ 184.6 ദശലക്ഷമായി. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ ആവിര്‍ഭാവത്തിന് പുറമെ പ്രൈവറ്റ് കൊറിയര്‍ കമ്പനികളുടെ വരവും ഈ രംഗത്ത് വലിയ മത്സരമായി. സ്പീഡ് പോസ്റ്റുമായുള്ള ലയനം ഡെലിവറി സ്പീഡ്, ട്രാക്കിങ് കൃത്യത, പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് തപാല്‍ വകുപ്പ് പറയുന്നു.
