ലണ്ടന്‍: ആവേശപ്പോരിലേക്ക് നീങ്ങിയ കളിയുടെ അവസാന ദിവസം നാലുവിക്കറ്റ് ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിന് വേണ്ടത് 35 റണ്‍സ്. പരിക്കേറ്റ പേസ് ബൗളര്‍ വോക്‌സ് ബാറ്റിങ്ങിന് ഇറങ്ങില്ല എന്ന കണക്കുകൂട്ടലില്‍ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തി വിജയം കൈപ്പിടിയില്‍ ഒതുക്കാമെന്ന് ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്ന് കളത്തില്‍ ഇറങ്ങിയത്. ഇന്നലെ നിര്‍ത്തിയ 339 റണ്‍സിനൊപ്പം ഇംഗ്ലണ്ട് എട്ടു റണ്‍സ് കൂടി മാത്രം ചേര്‍ത്തപ്പോള്‍ മുഹമ്മദ് സിറാജ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ജാമി സ്മിത്തിനെ പുറത്താക്കി സിറാജ് ഇന്ത്യയുടെ പ്രതീക്ഷ ഇരട്ടിയാക്കി പത്തുറണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിന് വീണ്ടും വിക്കറ്റ് നഷ്ടം. ഇത്തവണ ജാമി ഓവര്‍ടണ്‍ ആണ് ഔട്ടായത്. സിറാജ് തന്നെയാണ് ഇത്തവണയും ഇന്ത്യയുടെ രക്ഷകനായത്. ഓവര്‍ടണിനെ സിറാജ് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.
പിന്നീട് ഇംഗ്ലണ്ടിന് ജയിക്കാന്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സ്. വോക്‌സ് ഇറങ്ങില്ല എന്ന പ്രതീക്ഷയില്‍ ഒരു വിക്കറ്റ് കൂടി വീഴ്ത്തി വിജയിക്കാനുള്ള തന്ത്രങ്ങള്‍ ഇന്ത്യന്‍ ടീം മെനഞ്ഞു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് അറ്റ്കിന്‍സണ്‍ ഒരു വശത്ത് നിലയുറപ്പിച്ചത് അല്‍പ്പനേരമെങ്കിലും ഇന്ത്യയെ തോല്‍വി ഭയം പിടികൂടാന്‍ ഇടയാക്കി. അതിനിടെ ഇംഗ്ലണ്ടിന്റെ ഒന്‍പതാം വിക്കറ്റും വീണു. ടീം സ്‌കോര്‍ 357 റണ്‍സില്‍ വെച്ച് ജോഷ് ടങ്ക് വീണപ്പോള്‍ ഇന്ത്യ ഒരു നിമിഷം വിജയിച്ചു എന്ന് വരെ ചിന്തിച്ചു. പിന്നീടാണ് ട്വിസ്റ്റ്. പരിക്കേറ്റ ഇടതുകൈയില്‍ സ്ലിങും വലതുകൈയില്‍ ബാറ്റുമായി വോക്‌സ് കളിക്കളത്തില്‍ ഇറങ്ങിയപ്പോള്‍ കണ്ടുനിന്ന കാണികള്‍ പോലും ആവേശത്തില്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചു.
ടീമിന്റെ വിജയത്തിന് വേണ്ടി പരിക്ക് പോലും വകവെയ്ക്കാതെ കളിക്കളത്തില്‍ ഇറങ്ങിയ വോക്‌സ് ഇംഗ്ലണ്ട് കാണികളുടെ മാത്രമല്ല ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന എല്ലാവരുടെയും മനസില്‍ വീരപുരുഷനായി. 16 റണ്‍സ് അകലെ വച്ച് കളിക്കളത്തില്‍ ഇറങ്ങിയ വോക്‌സിനെ അപ്പുറത്ത് നിര്‍ത്തി ബാറ്റ് ചെയ്ത് വിജയിപ്പിക്കാമെന്ന അറ്റ്കിന്‍സണിന്റെ കണക്കുകൂട്ടല്‍ തെറ്റി. അതിനിടെ സിറാജെറിഞ്ഞ 84-ാം ഓവറില്‍ അറ്റ്കിന്‍സണ്‍ ഒരു സിക്‌സ് നേടി വിജയത്തിലേക്കുള്ള ദൂരം വീണ്ടും കുറച്ചു. അവസാന പന്തില്‍ ബൈ നേടി അറ്റ്കിന്‍സണ്‍ വീണ്ടും ക്രീസിലേക്ക്. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ തൊട്ടടുത്ത ഓവറിലും ഇതേ വിധം ബൈ നേടി വീണ്ടും ഇന്ത്യയുടെ സമ്മര്‍ദമേറ്റി. അതിനിടയ്ക്ക് അറ്റ്കിന്‍സണിന്റെ ഷോട്ടില്‍ വോക്‌സ് രണ്ട് റണ്‍സ് ഓടി പൂര്‍ത്തിയാക്കുകയും ചെയ്തു. അവസാന പന്തില്‍ സിംഗിള്‍ എടുത്ത് സ്‌ട്രൈക്ക് എടുത്ത അറ്റ്കിന്‍സണിന് വിജയിപ്പിക്കാനായില്ല. 85-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അറ്റ്കിന്‍സണിന്റെ വിക്കറ്റ് പിഴുത് മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചു.
