ഇൻസ്റ്റയിൽ 7-ാം ക്ലാസുകാരിയോട് സൗഹൃദം സ്ഥാപിച്ചു… പറഞ്ഞു വശത്താക്കി രണ്ട് യുവാക്കൾ തട്ടിയെടുത്തത് അമ്മയുടെ 12 പവൻ സ്വർണം…

തിരുവനന്തപുരം : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയിൽ നിന്നും 12 പവൻ തട്ടിയെടുത്ത കേസിൽ യുവാക്കൾ അറസ്റ്റിൽ. തമലം സ്വദേശി സന്ദീപ് (20), ആറാലുംമൂട് സ്വദേശി നിരഞ്ജൻ (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പൂജപ്പുര സ്വദേശിനിയായ ഏഴാംക്ലാസ് വിദ്യാർഥിനിയിൽ നിന്നാണ് യുവാക്കൾ പലപ്പോഴായി പന്ത്രണ്ടു പവൻ സ്വർണം തട്ടിയെടുത്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയോട് പണം ആവശ്യപ്പെട്ടപ്പോഴാണ് സ്വർണം എടുത്ത് നൽകിയതെന്ന് പൊലീസ് പറയുന്നു. സ്വർണം വിറ്റും പണയപ്പെടുത്തിയും പ്രതികൾ ബൈക്ക്, ടെലിവിഷൻ തുടങ്ങിയവ വാങ്ങിയിരുന്നു.

കഴിഞ്ഞ ദിവസം പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായതോടെ വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ പൊലീസ് എറണാകുളത്ത് നിന്നും കണ്ടെത്തി. സ്ഥലം കാണാനായാണ് വീട് വിട്ടിറങ്ങിയതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. പിന്നാലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ്‌ പ്രതികളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. അമ്മയുടെ സ്വർണമാണ് വീട്ടുകാരറിയാതെ എടുത്ത് നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!