പൊന്‍കുന്നം : വിവേകാനന്ദ സ്വാമിയുടെ തത്വങ്ങളെ അടിസ്ഥാനമാക്കിയാവണം നമ്മുടെ വിദ്യാഭ്യാസമെന്നും ഒപ്പം ഗാന്ധിജിയുടെ നിശ്ചയദാര്‍ഢ്യം വിദ്യാര്‍ഥികള്‍ മാതൃകയാക്കണമെന്നും ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള.
പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂളിന്റെ രജതജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ ശബ്ദത്തിന് ലോകരാഷ്ട്രങ്ങള്‍ കാതോര്‍ക്കുകയാണെന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. നൂറ്റാണ്ടുകള്‍ക്കുമുന്‍പ് നഷ്ടപ്പെട്ട മഹത്വങ്ങള്‍ പലതും നമ്മള്‍ തിരിച്ചുപിടിക്കുകയാണിപ്പോള്‍. കാഴ്ചയെ വ്യക്തമാക്കാന്‍ കണ്ണട ഉപയോഗിക്കുന്നതുപോലെ മറ്റു ഭാഷകള്‍ പഠിക്കാം. എന്നാല്‍ കണ്ണുകളുടെ യഥാര്‍ഥ കാഴ്ചയെന്നതുപോലെ മാതൃഭാഷയെ പരിഗണിക്കണമെന്നും പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.
സ്‌കൂള്‍ ചെയര്‍മാന്‍ പി.രവീന്ദ്രന്‍ അധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ അഡ്വ.എം.എസ്.മോഹന്‍, വിന്‍വേള്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ.എസ്.ജയസൂര്യന്‍, ഡോ.ജെ.പ്രമീളാദേവി, പ്രിന്‍സിപ്പല്‍ കെ.ജി.രതീഷ്, ബി.ദീപ, അമര്‍നാഥ്, പാര്‍വതി എം.സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.