കോട്ടയം : കനത്ത കാറ്റിലും മഴയിലും കോട്ടയം ജില്ലയുടെ വിവിധഭാഗങ്ങളിൽ വ്യാപകമായി നാശനഷ്ടം ഉണ്ടായി. ഏറ്റുമാനൂർ, കൂരോപ്പട, മുണ്ടക്കയം ചോറ്റി, പനച്ചിക്കാട്, കുമരകം റോഡ്, പാലാ, പുല്ലരിക്കുന്ന്, പാത്താമുട്ടം, വാകത്താനം, നെടുംകുന്നം , തോട്ടയ്ക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടേകാലോടെ ഉണ്ടായ അതിശക്തമായ ചുഴലിക്കാറ്റിലാണ് നാശനഷ്ടം ഉണ്ടായത്.
കൂരോപ്പട അമ്പലക്കവലയിൽ തേക്ക് മരം റോഡിലേക്ക് വീണു. ഇവിടെ ഒന്നിലധികം വീടുകളുടെ മുകളിൽ മരങ്ങൾ വീണും നാശങ്ങൾ സംഭവിച്ചിട്ടുണ്ട്.

പനച്ചിക്കാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കനത്ത നാശനഷ്ടം
പരുത്തുംപാറയിലെ പഞ്ചായത്ത് ഓഫീസിന് മുകളിൽ സ്ഥാപിച്ചിരുന്ന സോളാർ പാനൽ പറന്നു പോയി. അടുത്തുള്ള കൃഷിഭവന്റെ മുകളിൽ പാനൽ വീണ് ഓടുകൾ തകർന്നു മഴവെള്ളം ഓഫീസിനുള്ളിൽ പെയ്തിറങ്ങി

ഓഫീസിന് സീലിംഗ് ഉള്ളത് കാരണം വൻ ദുരന്തമാണ് ഒഴിവായത്. കനത്ത മഴയിലും കാറ്റിലും പനച്ചിക്കാട് സായിപ്പ് കവലയിൽ മരം വീണ് വൻ ഗതാഗതക്കുരുക്കുണ്ടായി. പഞ്ചായത്തിലെ 17ാം വാർഡിൽ തരകൻ വീട് റോയ് ചാക്കോ യുടെ വീടിന്റെ മുകൾ നില കാറ്റിൽ തകർന്നു വീണു.
കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വാകത്താനത്ത് ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. വെട്ടികലുങ്ക് ഭാഗത്ത് കാറിന് മുകളിൽ മരം വീണു. ആർക്കും അപകടം ഇല്ല.
പാലാ ചേർപ്പുങ്കൽ ഭാഗത്ത് കനത്ത കാറ്റിൽ ഓട്ടോയ്ക്ക് മുകളിൽ മരം വീണു.
ഡ്രൈവർ ഉപ്പുതറ സ്വദേശി കിരൺ അത്ഭുത കരമായി രക്ഷപ്പെട്ടു.
മാർ സ്ലീവാ ആശുപത്രിയിൽ നിന്നും ചേർപ്പുങ്കൽ പള്ളിയിലേക്ക് പോകുന്ന റോഡിലാണ് അപകടമുണ്ടായത്.
ഈ വഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു.
നെടുംകുന്നം പഞ്ചായത്തിന് സമീപവും മരം റോഡിലേക്ക് വീണു ഗതാഗത തടസം നേരിട്ടു.
തോട്ടക്കാട് അമ്പലക്കവലയിലും, പാമ്പാടി – കൂരോപ്പട ചെന്നാമറ്റം വട്ടുകുളം റോഡിലും മരം വീണു.
കനത്ത കാറ്റും മഴയും പരുത്തുംപാറ പന്നിമറ്റം റോഡിൽ സായിപ്പു കവലയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
മരം ഒടിഞ്ഞുവീണ് പലയിടങ്ങളിലും കിടക്കുന്നതിനാൽ വാഹന ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വൈദ്യുതി ബന്ധവും പലയിടങ്ങളിൽ വിശ്ചേദിക്കപ്പെട്ടു.
പാത്താമുട്ടം പാമ്പൂരാംപാറയിൽ വീടിന്റെ മേൽക്കൂര തകർന്നു. വീടിന്റെ മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റ് 30 മീറ്ററോളം അകലേക്ക് പറന്നുപോയി. പാത്താമുട്ടം പാമ്പൂരംപാറ പാറയിൽ പി.ഐ. ബിജുവിന്റെ വീടിനാണ് നാശം സംഭവിച്ചത്.
