‘ശിക്ഷിക്കാനും കുറ്റവിമുക്തരാക്കാനും കോടതികള്‍ക്കറിയാം, യൂട്യൂബ് വീഡിയോകള്‍ വേണ്ട’; താക്കീതുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ച് തയ്യാറാക്കുന്ന യൂട്യൂബ് വിഡിയോകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. യൂട്യൂബ് ചാനലുകളുടെ വീഡിയോ അടിസ്ഥാനമാക്കി ശിക്ഷിക്കാനും കുറ്റവിമുക്തരാക്കാനും കോടതികള്‍ക്ക് കഴിയില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. കേരളത്തിലെ വനിതാ രാഷ്ട്രീയ പ്രവര്‍ത്തകയെ അപകീര്‍ത്തിപ്പെടുത്തി വിഡിയോ പബ്ലിഷ് ചെയ്ത ക്രൈം ഓണ്‍ലൈന്‍ എന്ന ചാനലിനെതിരായ പരാതിയിലാണ് സുപ്രീം കോടതിയുടെ താക്കീത്.

മാധ്യമപ്രവര്‍ത്തകനായ ടി പി നന്ദകുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം. ടി പി നന്ദകുമാറിന് അനുവദിച്ചിരുന്ന മുന്‍കൂര്‍ ജാമ്യത്തിന്റെ സമയ പരിധി നീട്ടി നല്‍കിയെങ്കിലും യൂട്യൂബ് ചാനലിന്റെ ഉള്ളടക്കത്തെ ഉള്‍പ്പെടെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

‘നിങ്ങളുടെ യൂട്യൂബ് വീഡിയോകളുടെ അടിസ്ഥാനത്തില്‍ ആളുകളെ ശിക്ഷിക്കണം എന്നാണോ ആഗ്രഹിക്കുന്നത്’ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇത്തരം വീഡിയോയുടെ അടിസ്ഥാനത്തില്‍ കോടതികള്‍ ശിക്ഷ വിധിക്കുകയോ കുറ്റവിമുക്തനാക്കുകയോ ചെയ്യില്ലെന്നും ബെഞ്ച് വ്യക്തമാക്കി. യൂട്യൂബ് ഉള്ളടക്കങ്ങളില്‍ എന്തിനാണ് കുറ്റകൃത്യങ്ങള്‍ വിഷയമാക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. അവിടെ നടക്കുന്ന നല്ല കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് നന്നായിരിക്കും എന്നും കോടതി ചൂണ്ടിക്കാട്ടി.

സ്ത്രീയുടെ അന്തസ്സിനെ അപമാനിക്കുക, ഭീഷണിപ്പെടുത്തല്‍, ഇലക്ട്രോണിക് മാധ്യമങ്ങളില്‍ അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കല്‍, അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു നന്ദകുമാറിനെതിരായ കേസ്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അശ്ലീല ഉള്ളടക്കം പങ്കുവയ്ക്കുന്നത് തടയുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ സെക്ഷന്‍ 67 പ്രകാരവും കേസെടുത്തിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു. പിന്നായാണ് നന്ദകുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!