കോട്ടയത്ത് പുത്തനങ്ങാടിക്കൊരു മാറ്റത്തിനായി തളിയില്‍കോട്ട അണ്ണന്‍


കോട്ടയം : നഗരസഭയില്‍ പുരാതന ദേവാലയങ്ങളും വ്യത്യസ്ത മതവിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന 43-ാം വാര്‍ഡാണ് പുത്തനങ്ങാടി. ഇവിടെ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. മൂന്ന് മുന്നണികള്‍ക്കും സ്ഥാനാര്‍ത്ഥികളുണ്ടിവിടെ.

വാര്‍ഡിലെ വോട്ടര്‍മാര്‍ക്കിടയില്‍ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത, ഓരോ വോട്ടറെയും നേരില്‍ അറിയുന്ന പൊതുപവര്‍ത്തന രംഗത്ത് സജീവമായ ആര്‍. രാധാകൃഷ്ണനാണ് ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

വാര്‍ഡിന്റെ വിവിധ മേഖലകളില്‍ ജനങ്ങള്‍ അനുഭവിച്ചു വരുന്ന ദുരിതങ്ങള്‍ നേരിട്ടറിയാവുന്ന ആളെന്ന നിലയില്‍ നാടിന്റെ സമഗ്ര വികസനമാണ് ജന്മഭൂമി കൊച്ചി യൂണിറ്റ് മാനേജരുടെ  ചുമതലയുള്ള രാധാകൃഷ്ണന്‍  ഉയര്‍ത്തിക്കാട്ടുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ജനക്ഷേമ പദ്ധതികളുടെ ആനുകൂല്യം വാര്‍ഡിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ ഇതുവരെ സാധിക്കാതെ പോയതും പ്രചരണരംഗത്തെ മുഖ്യ ചര്‍ച്ചാവിഷയമാണ്.

സേവാഭാരതിയുമായി ചേര്‍ന്ന് നാട്ടിലെ വിവിധ ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തിയായതിനാല്‍ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മറ്റാരേക്കളും തിരിച്ചറിയുന്നയാളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

രാജഭരണകാലത്ത് സ്ഥാപിതമായ തളിയില്‍ മഹാദേവ ക്ഷേത്രം ഉള്‍പ്പെടുന്നതാണ് പുത്തനങ്ങാടി വാര്‍ഡ്. സമീപ വാര്‍ഡായ താഴത്തങ്ങാടിയിലും, പുത്തനങ്ങാടിയിലും മാത്രമല്ല സംഘടനാ പ്രവര്‍ത്തന മേഖലയിലും, ജോലി ചെയ്യുന്ന ജന്മഭൂമിയിലുമൊക്കെ ആര്‍. രാധാകൃഷ്ണന്‍ എന്ന ഒഫീഷ്യല്‍ പേരിനപ്പുറം അണ്ണന്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.

തളിയില്‍ക്കോട്ട അണ്ണന്‍ എന്നു പറഞ്ഞാല്‍ കുട്ടികള്‍ക്കുവരെ പരിചിതന്‍. അതുകൊണ്ടു തന്നെ രാധാകൃഷ്ണന്‍ മത്സരരംഗത്ത് എതിര്‍ സ്ഥാനാര്‍ത്ഥിക ളേക്കാള്‍ കളം നിറഞ്ഞു നില്‍ക്കുകയാണ്.
കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബി. കോം ബിരുദം നേടിയ രാധാകൃഷ്ണന്‍ 1982ല്‍ എബിവിപിയി ലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തിയത്.

നാല് പതിറ്റാണ്ടായി താഴത്തങ്ങാടി, പുത്തനങ്ങാടി എന്നിവിടങ്ങള്‍ക്കു പുറമെ കോട്ടയം നഗരത്തിലും പ്രവര്‍ത്തനം നടത്തിവരുന്നു. കക്ഷി രാഷ്ട്രീയത്തിനതീ തമായി എല്ലാ വിഭാഗം ജനങ്ങളുമായി വളരെ പെട്ടെന്നുതന്നെ സൗഹൃദം സ്ഥാപിക്കുവാനുള്ള പ്രത്യേക കഴിവും രാധാകൃഷ്ണനുണ്ട്. 2024ല്‍ താഴത്തങ്ങാടി ഇക്ബാല്‍ ലൈബ്രറി മികച്ച പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആദരിക്കുകയുണ്ടായി.

പത്ര ജീവനക്കാരുടെ സംഘടനയായ കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റായി ആറ് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. 12 വര്‍ഷമായി ജന്മഭൂമി നോണ്‍ ജേര്‍ണലിസ്റ്റ് എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!