ആലപ്പുഴ ജില്ലയിൽ ഇന്ന് അവധി, വിലാപയാത്ര പുന്നപ്രയിലേക്ക്…

ആലപ്പുഴ : അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിൽ ഇന്ന് അവധി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലയിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങൾക്കും, സ്വയംഭരണ സ്ഥാപനങ്ങൾക്കും, 1881 ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

കേരളത്തിന്റെ വിപ്ലവ സൂര്യൻ വി എസ് അച്യുതാനന്ദൻ തിങ്കളാഴ്ച വൈകീട്ടാണ് അന്തരിച്ചത്. 102 വയസായിരുന്നു. കഴിഞ്ഞ 23നാണ് ഹൃദയാഘാതത്തെ തുടര്‍ന്നു വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഎസിന്റെ മരണത്തെത്തുടർന്ന് മൂന്നുദിവസം സംസ്ഥാനത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്നലെ തിരുവനന്തപുരത്തെ വസതിയിലും തുടർന്ന് ദർബാർ ഹാളിലും പൊതുദർശനത്തിന് വെച്ചപ്പോൾ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ സമരനായകന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷമാണ് മൃതദേഹം വിലാപയാത്രയായി ജന്മനാടായ ആലപ്പുഴയിലേക്ക് തിരിച്ചത്. ഇന്ന് രാവിലെ ഏഴേമുക്കാൽ മണിയാകുമ്പോൾ വിലാപയാത്ര കായംകുളം കരീക്കുളങ്ങര വരെ എത്തിയതേയുള്ളൂ. 9 മണിയോടെ ആലപ്പുഴയിൽ എത്തുമെന്നാണ് പ്രതീക്ഷ.

വൈകീട്ട് ആലപ്പുഴ വലിയചുടുകാട്ടിലാണ് സംസ്‌കാരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!