തിരുവനന്തപുരം : തൊഴിലാളി നേതാവിൽ നിന്നും വിപ്ലവനായകനിലേക്ക് ഉയർന്ന വിഎസ്. 1940-ൽ ആണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് വി എസ് പൊതു രംഗത്തു സജീവമായത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ നേതാവായിരുന്ന പി.കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാർട്ടി പ്രവർത്തനരംഗത്തു കൊണ്ടുവന്നത്.
പിന്നീടങ്ങോട്ട് പാർട്ടിക്ക് വേണ്ടി വിപ്ലവ പ്രവർത്തനങ്ങൾ നടത്തി.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സർ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയിൽ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വമെന്നത് അത്ര സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് കൊടിയ മർദ്ദനങ്ങളും ജയിൽ ശിക്ഷയും അനുഭവിച്ചു. അഞ്ചു വർഷത്തോളം ഒളിവിൽക്കഴിഞ്ഞു.
ഇന്ത്യ സ്വതന്ത്രമാവുകയും കേരള സംസ്ഥാനം രൂപീകൃതമാവുകയും ചെയ്യും മുൻപേ വി.എസ്. പാർട്ടിയുടെ നേതൃതലങ്ങളിലെത്തിയിരുന്നു. 1957-ൽ കേരളത്തിൽ പാർട്ടി അധികാരത്തിലെ ത്തുമ്പോൾ സംസ്ഥാന സമിതിയിൽ അംഗമായിരുന്ന ഒൻപതു പേരിൽ ഒരാളാണ്. പി. കൃഷ്ണ പിള്ളയുടെ പാത പിൻതുടർന്ന് പോരാട്ടത്തിന്റെ പുതുവഴികളിൽ നടന്ന അച്യുതാനന്ദൻ ജനകീയനായി. പാർട്ടിക്കകത്ത് എ.കെ.ജിയുടെ പിൻഗാമിയെന്നറിയപ്പെട്ടു. പാർട്ടി സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26 ന് പോളിറ്റ് ബ്യൂറോയിൽ നിന്നും പുറത്താക്കി. തുടർന്നു 2008 ൽ നടന്ന പാർടി കോൺഗ്രസ്സിൽ കേന്ദ്രകമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1965-ൽ സ്വന്തം വീടുൾപ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചപ്പോൾ തോൽവിയായിരുന്നു ഫലം. കോൺഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകൾക്കായിരുന്നു തോൽവി. 1967-ൽ കോൺഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകൾക്ക് തോൽപിച്ച് ആദ്യമായി നിയമസഭാംഗമായി. 1970ൽ ആർ.എസ്.പിയിലെ കെ.കെ. കുമാരപിള്ളയെയാണ് വി.എസ്. തോൽപ്പിച്ചത്. എന്നാൽ 1977-ൽ കുമാരപിള്ളയോട് 5585 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഈ പരാജയത്തിനു ശേഷം കുറേക്കാലം പാർട്ടി ഭാരവാഹിത്വത്തിൽ ഒതുങ്ങിക്കഴിഞ്ഞു.

1991-ൽ മാരാരിക്കുളം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കു മത്സരിച്ചു. കോൺഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകൾക്കു തോല്പിച്ചു. എന്നാൽ 1996-ൽ കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചുകൊണ്ട് മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ചകോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് അച്യുതാനന്ദൻ തോൽവിയറിഞ്ഞു. പാർട്ടിയിലെ തന്നെ ഒരു വിഭാഗമായിരുന്നു അച്യുതാനന്ദന്റെ തോൽവിക്കു പിറകിലെന്ന് പിന്നീടു നടന്ന പാർട്ടിതല അന്വേഷണങ്ങളിൽ തെളിഞ്ഞു. ഈ പരാജയം പക്ഷേ, പാർട്ടിയിൽ അച്യുതാനന്ദനെ ശക്തനാക്കി.
2001-ൽ ആലപ്പുഴ ജില്ല വിട്ട് മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ച സീറ്റായി ഗണിക്കപ്പെടുന്ന പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് ജനവിധി നേടിയത്. എന്നാൽ കണ്ണൂർ ജില്ലയിൽ നിന്നു മത്സരിക്കാനെത്തിയ സതീശൻ പാചേനി എന്ന ചെറുപ്പക്കാരനുമേൽ 4703 വോട്ടിന്റെ ഭൂരിപക്ഷമേ നേടാനായുള്ളൂ. അതുവരെ എല്ലാ തിരഞ്ഞെടുപ്പുകളിലും സി.പി.എം. സ്ഥാനാർത്ഥികൾ ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് മലമ്പുഴ. 2006-ൽ ഇതേ മണ്ഡലത്തിൽ ഇതേ എതിരാളിയെ 20,017 വോട്ടുകൾക്കു തോൽപിച്ച് വി.എസ്. ഭൂരിപക്ഷത്തിലെ കുറവു നികത്തി.
പാർലമെന്ററി പ്രവർത്തന രംഗത്ത് ഒട്ടേറെക്കാലമായി ഉണ്ടെങ്കിലും അച്യുതാനന്ദൻ ഇതുവരെ അധികാരപദവികളൊന്നും വഹിച്ചിട്ടില്ല. 1967ലും 2006ലുമൊഴികെ അദ്ദേഹം ജയിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം പാർട്ടി അധികാരത്തിനു പുറത്തായതാണു പ്രധാനകാരണം. 67-ൽ കന്നിക്കാരനായിരുന്നതിനാൽ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടില്ല. 1996-ൽ സി.പി.എംന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അനൌദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും മാരാരിക്കുളത്തെ തോൽവിയോടെ അതു നടക്കാതെപോയി. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ പാർട്ടിയുടെ സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്നുതന്നെ ഒഴിവാക്കപ്പെട്ടിരുന്നെങ്കിലും പാർട്ടി പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും പ്രതിഷേധമുയർന്നതിനെത്തുടർന്ന് അദ്ദേഹത്തെ സി.പി.എം. മത്സരരംഗത്തിറക്കുകതന്നെ ചെയ്തു.
2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം. ഉൾപ്പെടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി വൻഭൂരിപക്ഷം നേടിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും സജീവമായി അച്യുതാനന്ദന്റെ പേരുയർന്നു വന്നു. എന്നാൽ പാർട്ടിയിൽ ആരോപിക്കപ്പെടുന്ന വിഭാഗീയത മൂലം വി.എസിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുമോയെന്ന് ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങൾ ആശങ്കയുയർത്തിയിരുന്നു. 2006 മേയ് 13-നു ഡൽഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗം കേരളത്തിലെ മുഖ്യമന്ത്രിയെ തത്ത്വത്തിൽ തിരഞ്ഞെടുത്തെങ്കിലും പ്രഖ്യാപനം പിന്നീടേക്കു മാറ്റി. അതേസമയം കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടന്ന പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിന്റെ കാര്യത്തിൽ പോളിറ്റ് ബ്യൂറോ തീരുമാനം സി. പി. എം. സംസ്ഥാന സമിതിയെ അറിയിച്ച ശേഷം പ്രഖ്യാപിക്കുവാൻ മാറ്റിവയ്ക്കുകയായിരുന്നു. മേയ് 15നു ചേർന്ന സംസ്ഥാന സമിതിക്കു ശേഷം വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക പത്രക്കുറിപ്പ് പാർട്ടി നേതൃത്വം പുറത്തിറക്കി. മുഖ്യമന്ത്രിയായ വി.എസ്.അഴിമതിക്കാരെയും കയ്യേറ്റക്കാരെയും ക്രിമിനലുകളെയും നിർദ്ദയം അമർച്ച ചെയ്തു. ഉദ്യോഗസ്ഥ ദുർഭരണം, കൈക്കൂലി എല്ലാം അവസാനിപ്പിച്ചു.
പൊതുസമൂഹത്തിൽ വലിയ തോതിൽ സ്വീകാര്യതയുള്ള നേതാവാണ് വി. എസ്. പ്രസംഗിക്കുന്നതിന് നീട്ടിയും കുറുക്കിയുമുള്ള ഒരു ശൈലി അദ്ദേഹത്തിനുണ്ട്. പരിസ്ഥിതി സംരക്ഷണം, സ്ത്രീകളുടെ സുരക്ഷ എന്നിവയ്ക്കു വേണ്ടി കർശന നിലപാടെടുക്കുന്നതിൽ അദ്ദേഹം എതീവ ശ്രദ്ധ പുലർത്തി.. കോട്ടയം സംസ്ഥാന സമ്മേളനത്തിൽ വി.എസിന്റെ പേര് മൈക്കിൽ പറയുമ്പോൾ വലിയ കരഘോഷം ഉയരും. ജനകീയതയുടെ പേരിൽ പാർട്ടി എടുത്ത തീരുമാനങ്ങൾ പലപ്പോഴും വി. എസിന് അനുകൂലമായി മാറ്റിയിട്ടുണ്ട്. വ്യാജ സി.ഡി റെയ്ഡ്ഡ് നടത്തിയ സത്യസന്ധനായ ഋഷിരാജ് സിംഗിനെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ സസ്പെപെന്റ് ചെയ്തപ്പോൾ സിംഗിൻ്റെ സസ്പെപെൻഷൻ പിൻവലിച്ചില്ലെങ്കിൽ സർക്കാർ രാജിവയ്ക്കുകയാണെന്നു പറഞ്ഞു. സസ്പെൻഷൻ കോടിയേരിക്ക് പിൻവലിക്കേണ്ടി വന്നു.2006ലെ തെരഞ്ഞെടുപ്പിൽ വി.എസിനെ മത്സരിപ്പിക്കേണ്ടെന്നാണ് ആദ്യം കേരള പാർട്ടി തീരുമാനിച്ചത്. കേന്ദ്രനേതൃത്വം ഇടപെട്ട് അത് തിരുത്തിച്ചു. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭൂരിപക്ഷം നേടിയപ്പോൾ വി.എസിനെ മുഖ്യമന്ത്രിയാക്കേണ്ടെന്നായി പാർട്ടി ജനകീയ പ്രതിഷേധങ്ങൾക്ക് മുമ്പിൽ പാർട്ടി നിലപാട് മാറ്റി. 2011ലും വി.എസ് മത്സരിക്കേണ്ടെന്ന് ആദ്യം പാർട്ടി തീരുമാനിച്ചു. പിന്നീട് പാർട്ടി നിലപാട് മാറ്റി.
പാർട്ടി വേദികളിലും പാർലമെന്ററി രംഗത്തും കർക്കശക്കാരനായ നേതാവായാണ് വിലയിരുത്തപ്പെടുന്നത്. സമരത്തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം എന്നാണ് അച്യുതാനന്ദനെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടി നടത്തുന്ന ഇടപെടലുകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. എന്നാൽ ഏറെക്കാലം പാർട്ടിയിൽ തന്റെ മേൽക്കോയ്മ നിലനിർത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
