ഗവർണറുടെ നിർദ്ദേശം; ആരും തടയില്ലെന്ന് ഉറപ്പ്; മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കേരള വിസി

തിരുവനന്തപുരം: ഇരട്ട രജിസ്ട്രാർ പ്രശ്നവും അധികാര തർക്കവും കാരണം കടുത്ത ഭരണ പ്രതിസന്ധി നേരിടുന്ന കേരള സർവകലാശാലയിൽ സമവായത്തിനു നീക്കം. തർക്കം ഒത്തുതീർപ്പിലെത്തുന്നതിന്റെ സൂചന നൽകി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. മന്ത്രി നേരിട്ട് വിസിയെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു. ഗവർണറുടെ നിർദ്ദേശമനുസരിച്ചാണ് വിസി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച അര മണിക്കൂർ നീണ്ടു.

ഇന്ന് സർവകലാശാലയിൽ എത്തിയാൽ വിസിയെ ആരും തടയില്ലെന്നു സർക്കാർ ഉറപ്പു നൽകിയിരുന്നു. രജിസ്ട്രാറെ സസ്പെൻ‍ഡ് ചെയ്ത നടപടിയിൽ നിന്നു പിൻമാറില്ലെന്ന നിലപാടാണ് വിസി അറിയിച്ചത്. ഭരണത്തലവനായ ഗവർണറെ അപമാനിച്ചതിനാലാണ് സസ്പെൻഡ് ചെയ്തത്.

വിസിയുടെ നിലപാട് ബന്ധപ്പെട്ടവരുമായി സംസാരിക്കാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി താമസിയാതെ ഗവർണറെ കാണുമെന്നും കൂടിക്കാഴ്ചയിൽ സർവകലാശാല വിഷയവും ചർച്ചയായേക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.

പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി വിസി- രജിസ്ട്രാർ തർക്കത്തിൽ നിലപാട് മയപ്പെടുത്തി മന്ത്രി ഇന്നാണ് രംഗത്തു വന്നത്. വിസിയുമായി നേരിട്ട് സംസാരിച്ചെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം സർവകലാശാലയിലേക്ക് വന്നതെന്നും മന്ത്രി വ്യക്തമാക്കി.

പ്രശ്നം പരിഹരിക്കാനുള്ള ഇടപെടൽ നടക്കുന്നുണ്ട്. വിസിയുമായും സിൻഡിക്കേറ്റുമായും സംസാരിക്കുന്നുണ്ട്. ആവശ്യമെങ്കിൽ ഗവർണറുമായും ചർച്ച നടത്തും. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ല. താൻ ആദ്യം ശ്രമിച്ചു നോക്കട്ടേയെന്നും രജിസ്ട്രാർ ആരെന്നു നിയമം നോക്കിയാൽ അറിയാമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!