കണ്ണൂര്‍: കാലവര്‍ഷം തീവ്രമായതോടെ കലക്ടര്‍മാര്‍ സ്‌കുളിന് അവധി പ്രഖ്യാപിക്കുന്നത് ഒരുതരത്തില്‍ രക്ഷിതാക്കള്‍ക്ക് തലവേദനയാകുന്നു. അത്തരമൊരു സംഭവമാണ് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലെ കുന്നോത്ത് ഉണ്ടായത്. കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ വ്യാഴാഴ്ച കലക്ടര്‍ കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അവധി ആഘോഷമാക്കി കുട്ടികള്‍ ‘കൈവിട്ട കളി’ കളിച്ചതോടെ തലനാരിഴയ്ക്കാണ് അവര്‍ രക്ഷപ്പെട്ടത്.
പാമ്പ് പിടിത്തത്തിന്റെ വീഡിയോ യൂട്യൂബില്‍ കണ്ട കുട്ടികള്‍ കണ്‍മുന്നില്‍ ഉഗ്രവിഷമുള്ള മൂര്‍ഖനെ പാമ്പിനെ കണ്ടതോടെ അതിനെ പിടികൂടാന്‍ തീരുമാനിച്ചു. പാമ്പിനെ പിടിച്ചതോടെ ഒരു കുട്ടി രക്ഷിതാവിന് അതിന്റെ ചിത്രം അയച്ചുകൊടുത്തപ്പോഴാണ് പിടികൂടിയത് മൂര്‍ഖാനാണെന്ന് കുട്ടികള്‍ മനസിലാക്കിയത്. രക്ഷിതാവ് വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചതോടെ പാമ്പിനെ അവര്‍ കാട്ടില്‍ കൊണ്ടുപോയി വിടുകയായിരുന്നു.
ഭാഗ്യം കൊണ്ടു മാത്രമാണ് കുട്ടികള്‍ പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇത്തരം കളികള്‍ ഒഴിവാക്കണമെന്ന് രക്ഷിതാക്കള്‍ കുട്ടികളോട് ആവശ്യപ്പെട്ടു. അതിന്റെ അപകടം അവര്‍ കുട്ടികളെ പറഞ്ഞു മനസിലാക്കുകയും ചെയ്തു.
