തീവണ്ടികൾ കൂട്ടിമുട്ടാതിരിക്കാന്‍ ‘കവച്’ വരുന്നു; കരാര്‍ കെ-റെയില്‍- എസ് എസ് റെയില്‍ സഖ്യത്തിന്‌

കൊച്ചി: കേരളത്തിൽ ഏറ്റവും ട്രെയിൻ ഗതാഗത സാന്ദ്രതയുള്ള എറണാകുളം ജംഗ്ഷൻ – ഷൊര്‍ണൂര്‍ മേഖലയിൽ കവച് സുരക്ഷാ സംവിധാനം വരുന്നു. പദ്ധതി നടപ്പാക്കാനുള്ള കരാര്‍ കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനും ആന്ധ്ര കേന്ദ്രമായുള്ള എസ് എസ് റെയിലും ചേർന്നുള്ള സംയുക്ത സംരംഭത്തിനു ലഭിച്ചു. 105. 87 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് കരാര്‍. എറണാകുളം ജംഗ്ഷൻ മുതല്‍ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെ 106.8 കിലോമീറ്ററാണ് പദ്ധതിയുടെ ദൈര്‍ഘ്യം.

തീവണ്ടികൾ കൂട്ടിമുട്ടുന്നത് ഒഴിവാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയ്ക്കു വേണ്ടി റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ (ആർ ഡി എസ് ഒ) വികസിപ്പിച്ച സംവിധാനമാണ് കവച്. സെന്‍സറുകളും ജി.പി.എഎസ് സംവിധാനവും വാര്‍ത്താവിനിയമ സംവിധാനവും ഉള്‍പ്പെടുന്നതാണ് കവച്. ഒരേ പാതയിൽ വരുന്ന തീവണ്ടികൾ കൂട്ടിമുട്ടാനുള്ള സാധ്യത യഥാസമയം കണ്ടെത്തുകയും, സ്വമേധയാ തടയുകയും ചെയ്യുന്നതാണ് ഈ സംവിധാനം.

കേരളത്തില്‍ കവച് സുരക്ഷാ സംവിധാനം നടപ്പിലാകുന്ന ആദ്യ മേഖലയായിരിയ്ക്കും ഇത്. എറണാകുളം മുതല്‍ വള്ളത്തോള്‍ നഗര്‍ വരെയുള്ള ഭാഗത്ത് ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനു പിന്നാലെയാണ് പുതിയ പദ്ധതി. ഓട്ടോ മാറ്റിക് സിഗ്നലിംഗ് പദ്ധതി നടപ്പാക്കുന്നത് കെ-റെയില്‍ – ആര്‍.വി.എന്‍.എല്‍ സഖ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!