കൊച്ചിയിൽ യുട്യൂബര്‍ എംഡിഎംഎയുമായി പിടിയിലായ സംഭവം…കമ്പനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന്…

കൊച്ചി: കൊച്ചിയിൽ യുട്യൂബ് വ്ലോഗർ എംഡിഎംഎയുമായി പിടിയിലായ സംഭവത്തില്‍ കമ്പനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് റിൻസി ജോലി ചെയ്തിരുന്ന ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. റിൻസി മുംതാസ് കമ്പനിയിലെ സ്ഥിര ജീവനക്കാരി അല്ലെന്ന് ഒബ്സ്ക്യൂറ എന്റർടെയിൻമെന്റ്സ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

റിൻസി ലഹരി ഉപയോഗിച്ച ആളാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ഇവരുടെ താമസസ്ഥലവും കമ്പനി നൽകിയത് അല്ലെന്നും കമ്പനി ഉടമ സെബാൻ അറിയിച്ചു. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റ പേര് മോശമായി ചിത്രീകരിക്കരുതെന്ന് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് കൂട്ടിച്ചേര്‍ത്തു.

കൊച്ചിയിൽ ബുധനാഴ്ചയാണ് എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയിലായത്. കോഴിക്കോട് സ്വദേശികളായ റിൻസിയും സുഹൃത്ത് യാസർ അറാഫത്തുമാണ് പിടിയിലായത്. ഇവരുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് പറയുന്നു.

ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് തൃക്കാക്കര പാലക്കുന്നത്തെ ഫ്ലാറ്റിൽ പരിശോധന നടത്തിയത്. ഇവർ എംഡിഎംഎ വിൽക്കാൻ വേണ്ടിയാണോ കയ്യിൽ വെച്ചതെന്ന് അറിയേണ്ടതുണ്ട്. പ്രതികൾക്ക് എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!