കെഎസ്ആർടിസി ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

കല്ലമ്പലം: ദേശീയപാതയില്‍ വെയിലൂരിന് സമീപം കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. കൊല്ലം പരവൂര്‍ കുനയില്‍ സുലോചന ഭവനില്‍ ശ്യാം ശശിധരന്‍ (58), ഭാര്യ ഷീന (51) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട്  ആയിരുന്നു അപകടം.

കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസും എതിര്‍ദിശയില്‍ വന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. സ്‌കൂട്ടര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കല്ലമ്പലത്തെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകളെ കാണാന്‍ പോകുമ്പോഴാണ് അപകടം നടന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു. പ്രവാസി ആയിരുന്നു ശ്യാം ശശിധരന്‍. മക്കള്‍: ലോപ, ലിയ. മരുമകന്‍ അച്ചു സുരേഷ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!