‘മികച്ച മന്ത്രി’; ഭാരതാംബാ വിവാദത്തിനിടെ പി പ്രസാദിനെ പുകഴ്ത്തി ഗവര്‍ണര്‍

തൃശൂര്‍: ഭാരതാംബ വിവാദത്തിനിടെ മന്ത്രി പി പ്രസാദിനെ പുകഴ്ത്തി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ പ്രസംഗം. കേരള കാര്‍ഷിക സര്‍വകലാശാല ബിരുദദാന ചടങ്ങിലാണ് മന്ത്രിയെ പുകഴ്ത്തി ഗവര്‍ണര്‍ സംസാരിച്ചത്. സുഹൃത്ത് എന്നാണ് മന്ത്രിയെ ഗവര്‍ണര്‍ വിശേഷിപ്പിച്ചത്. മികച്ച ഒരു മന്ത്രിയാണ് പി പ്രസാദെന്നും ഗവര്‍ണര്‍ പറഞ്ഞു.

കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വിവാദമായതോടെ കാര്‍ഷിക സര്‍വകലാശാല ബിരുദദാന ചടങ്ങിലും പ്രതിഷേധങ്ങളുണ്ടാകുമെന്ന് പ്രചാരണങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പരിപാടിയിലേക്ക് മാധ്യമങ്ങളുടെ പ്രവേശനം നിയന്ത്രിച്ചിരുന്നു. പരിപാടിയില്‍ വിവാദമായ ഭാരതാംബ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നില്ല. ഭാരതാംബ ചിത്രം വെക്കുമെന്ന സംശയത്തില്‍ പ്രതിഷേധിക്കാനായി വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.

ഔദ്യോഗിക പരിപാടികളില്‍ കാവിക്കൊടി ഏന്തിയ ഭാരതാംബാ ചിത്രം ഉപയോഗിക്കരുതെന്ന് തന്നെയാണ് നിലപാടെന്നും മന്ത്രി പ്രസാദ് പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ഗവര്‍ണര്‍ക്കും തനിക്കും രണ്ട് ആശയങ്ങളാണുള്ളത്. ഓരോ പരിപാടികളുടെയും സ്വഭാവത്തിന് അനുസരിച്ച് വേണം ഇടപെടല്‍ നടത്താനെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!