കേരളത്തിൽ വധിക്കേണ്ട 950 പേരുടെ ഹിറ്റ്ലിസ്റ്റ് പോപ്പുലര്‍ ഫ്രണ്ട് തയ്യാറാക്കി; പട്ടികയിൽ മുൻ ജില്ലാ ജഡ്ജിയും, ആർഎസ്എസ് നേതാക്കളും…

കൊച്ചി: കേരളത്തില്‍ വധിക്കേണ്ട 950 പേരുടെ ഹിറ്റ്‌ലിസ്റ്റ് നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് തയ്യാറാക്കിയതായി എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സ്ഥിരീകരിക്കപ്പെടുന്നത് 2022ലെ വാര്‍ത്തകള്‍.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംഘടനയില്‍നിന്ന് ഭീഷണിയുണ്ടെന്ന് വിലയിരുത്തപ്പെടുന്ന കേരളത്തിലെ അഞ്ച് ആര്‍.എസ്.എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

എന്‍ഐഎ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിനിടെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റടക്കം പിടിച്ചെടുത്തുവെന്ന വിവരം പുറത്തുവന്നിരുന്നു.

പിഎഫ്‌ഐക്ക് സര്‍വ്വീസ് വിംഗ് അഥവാ ഹിറ്റ് വിംഗുണ്ട്. ഹിറ്റ് ലിസ്റ്റിലുള്ളവരെ ഇല്ലാതാക്കാന്‍ നിയോഗിച്ചവരാണ് ഇവര്‍. ഇതിലെ അംഗങ്ങള്‍ക്ക് ശാരീരിക- ആയുധ പരിശീലന നല്‍കാനും പ്രത്യേക വിഭാഗമുണ്ട്. ആലുവയിലെ പെരിയാര്‍ വാലി കാമ്പസ് പിഎഫ്ഐയുടെ ആയുധ പരിശീലന കേന്ദ്രമായിരുന്നുവെന്നും എന്‍ഐഎ പറയുന്നു.

കേരളത്തില്‍ നിന്ന് ഒരു മുന്‍ ജില്ലാ ജഡ്ജിയും പട്ടികയില്‍ ഉള്‍പ്പെടും. ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ ഇതു സംബന്ധിച്ചു നല്‍കിയ റിപ്പോര്‍ട്ടിലാണ് വിശദ വിവരങ്ങള്‍ ഉള്ളത്. പിഎഫ്‌ഐ ഭീകരരരായ മുഹമ്മദ് ബിലാല്‍, റിയാസുദ്ധീന്‍, അന്‍സാര്‍ കെപി, സഹീര്‍ കെവി എന്നിവരുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിനിടെയാണ് ദേശീയ ഏജന്‍സി എന്‍ഐഎ കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതികളുടെ ഹര്‍ജി കോടതി തള്ളുകയും ചെയ്തു. പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതി സിറാജുദ്ദീനില്‍ നിന്നുമാണ് 240 പേരുടെ പട്ടിക പിടിച്ചെടുത്തത്. കൂടാതെ മറ്റൊരു പ്രതി അയൂബിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 500 പേരുടെ പട്ടികയാണ്. മുഹമ്മദ് സാദിഖ് എന്ന പ്രതിയുടെ കൈയില്‍ നിന്ന് 232 പേരുടെ പട്ടികയും കണ്ടെടുത്തു. 15-ാം പ്രതി അബ്ദുല്‍ വഹാബിന്റെ പേഴ്‌സില്‍ നിന്ന് കണ്ടെടുത്ത 5 പേരുടെ മെയിന്‍ ഹിറ്റ് ലിസ്റ്റിലാണ് ജില്ലാ ജഡ്ജിയുടെ പേരുള്ളത് എന്നു എന്‍ഐഎ വ്യക്തമാക്കി.

2022 മെയ് മാസത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം എന്‍ഐഎ പിഎഫ്‌ഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 2022 ഡിസംബറില്‍ പാലക്കാട്ടെ ആര്‍എസ്എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന ശ്രീനിവാസന്റെ കൊലപാതകവും എന്‍ഐഎ ഏറ്റെടുത്തു. ഈ രണ്ട് കേസുകളും ഒന്നിച്ചാണ് എന്‍ഐഎ അന്വേഷിക്കുന്നത്. ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതാണ് പിഎഫ്ഐയുടെ ഇന്ത്യ 2047 അജണ്ടയെന്നും ശ്രീനിവാസന്റെ കൊലപാതകം ഈ വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും എന്‍ഐഎ വാദിക്കുന്നു. ഇന്ത്യ 2047 പദ്ധതിയെക്കുറിച്ചുള്ള ഓഡിയോ ക്ലിപ്പുകളും എന്‍ഐഎ കണ്ടെടുത്തിട്ടുണ്ട്.

എന്‍ഐഎ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച കോടതി, ഹര്‍ജിക്കാരനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് നിരീക്ഷിക്കുകയും ചെയ്തു. കേസ് വിചാരണയിലേക്ക് കടക്കുന്ന ഈ ഘട്ടത്തില്‍ ഹര്‍ജിക്കാരന് ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നും യുഎപിഎയിലെ പ്രകാരമുള്ള വ്യവസ്ഥ ഈ കേസില്‍ ബാധകമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണ ഏജന്‍സികളും നല്‍കിയ ശുപാര്‍ശ കണക്കിലെടുത്താണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിലെ ആര്‍.എസ്.എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. ഏതൊക്കെ നേതാക്കള്‍ക്കാണ് സുരക്ഷ നല്‍കുക എന്നകാര്യം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍.ഐ.എയും ഇ.ഡിയും രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും നൂറുകണക്കിന് പി.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 22-നായിരുന്നു രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ ഒരേസമയം റെയ്ഡ് നടന്നത്.

ഭീകരതയിലൂടെ രാജ്യത്തു സമാന്തര നീതിവ്യവസ്ഥ സ്ഥാപിക്കാനുള്ള ശ്രമം രഹസ്യമായി നടത്തിയെന്നാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആരോപണം. നേരത്തെ തന്നെ റെയ്ഡില്‍ പിടിച്ചെടുത്ത തൊണ്ടിസാധനങ്ങളുടെ കൂട്ടത്തില്‍ പ്രതികള്‍ ലക്ഷ്യമിട്ടവരെക്കുറിച്ചുള്ള വിവരം പുറത്തു വന്നിരുന്നു. ഭരണകൂട നയങ്ങളെക്കുറിച്ചു തെറ്റിദ്ധാരണ പരത്തി ഭീകരത സൃഷ്ടിക്കാനും ഭീകര സംഘടനകളായ ലഷ്‌കറെ തയിബ, ഐഎസ്, അല്‍ ഖായിദ എന്നിവയിലേക്കു യുവാക്കളെ ആകര്‍ഷിക്കാനും ശ്രമിച്ചു. സമൂഹമാധ്യമങ്ങള്‍ ദുരുപയോഗിച്ചും രഹസ്യസന്ദേശങ്ങള്‍ കൈമാറിയുമാണു പ്രതികള്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നത്. ജാമ്യം ലഭിച്ചാല്‍ തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും കോടതിയെ നേരത്തേയും എന്‍ഐഎ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!