ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, ഇസ്രയേലിനെതിരെ ആക്രമണം കടുപ്പിച്ച് ഇറാന്‍. ടെല്‍ അവീവിവിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ടെല്‍ അവീവില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. ഇതിനു പിന്നാലെ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ടെല്‍ അവീവിന് പുറമെ, ഹൈഫ, ജറുസലേം, നഗരങ്ങളെയും ലക്ഷ്യം വെച്ചായിരുന്നു ഇറാന്റെ ആക്രമണമെന്നാണ് സൂചന.
അമേരിക്ക ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിന് പിന്നാലെ, ഇസ്രയേലില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. അടിയന്തരഘട്ടങ്ങളില്‍ ബങ്കറുകളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാനില്‍ ആക്രമണം നടത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിനന്ദിച്ചു. ഇറാന്റെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിടാനുള്ള ട്രംപിന്റെ ധീരമായ തീരുമാനം ചരിത്രം മാറ്റിമറിക്കുമെന്ന് നെതന്യാഹു പറഞ്ഞു.
അമേരിക്കയുടെ നാവികസേനാ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനും, ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പ്രധാന ഉപദേഷ്ടാവ് ആഹ്വാനം ചെയ്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ഫോര്‍ദോ ആണവ കേന്ദ്രത്തിന് നേരെയുള്ള അമേരിക്കയുടെ ആക്രമണത്തിന് ശേഷം ഇപ്പോള്‍ നമ്മുടെ ഊഴമാണ്’ ആദ്യപടിയായി ബഹ്റൈനില്‍ നിലയുറപ്പിച്ച അമേരിക്കന്‍ നാവികപ്പടയ്ക്ക് നേരെ മിസൈല്‍ ആക്രമണം ആരംഭിക്കണം, ഒപ്പം അമേരിക്കന്‍, ബ്രിട്ടീഷ്, ജര്‍മ്മന്‍, ഫ്രഞ്ച് എന്നിവരുടെ കപ്പല്‍ ഗതാഗതം തടയാനായി ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയും വേണം. ഖമേനിയുടെ ഉപദേഷ്ടാവ് ആവശ്യപ്പെട്ടു.
അമേരിക്ക ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തെ ഇറാന്റെ ആണവോര്‍ജ ഏജന്‍സി അപലപിച്ചു. യുഎസിന്റെ സൈനിക നടപടി അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധവും പ്രത്യേകിച്ച് ആണവ നിര്‍വ്യാപന കരാറിന് (എന്‍.പി.ടി.) വിരുദ്ധമായ ഒരു ക്രൂരമായ പ്രവൃത്തിയാണ്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സഹകരണത്തോടെയാണ് ഈ നിയമവിരുദ്ധമായ നടപടിയുണ്ടായിട്ടുള്ള തെന്നും ഇറാനിയന്‍ ആണവോര്‍ജ്ജ സംഘടന ആരോപിച്ചു. ഇറാനെ ആക്രമിച്ചാൽ യുഎസ് താവളങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
