നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി 48 മണിക്കൂർ. ഓരോ ബൂത്തിലേയും വോട്ടുകളുടെ ഗതിവിഗതികൾ കൂട്ടിയും കുറച്ചുമുള്ള കണക്കുകളുടെ ലോകത്തായിരുന്നു ഇന്നലെ നിലമ്പൂരിലെ വിവിധ പാർട്ടി പ്രവർത്തകർ.
എന്നാൽ ഉപ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് കഴിഞ്ഞെങ്കിലും പ്രമുഖ സ്ഥാനാർത്ഥികള്‍ ഇന്നലെയും തിരക്കിലായിരുന്നു.
എല്‍.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജ് വോട്ടെടുപ്പ് കഴിഞ്ഞ 19ന് രാത്രി രാജ്യറാണി എക്സപ്രസില്‍ നിലമ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് സംബന്ധിച്ചും വോട്ടു കണക്കുകളും നേതാക്കളുമായി ചർച്ച ചെയ്തു.
ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് ഉച്ചവരെ വീട്ടിലായിരുന്നു. ഉച്ചയ്ക്ക് ശേഷം നിലമ്പൂരിലെ വക്കീല്‍ ഓഫീസിലെത്തി സഹപ്രവർത്തകരെയും മറ്റും കണ്ടു. പിന്നീട് പാർട്ടി നേതാക്കളും പ്രവർത്തകരുമായി ചർച്ച നടത്തി.
യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിലെ ചില മരണ വീടുകള്‍ സന്ദർശിച്ചു. പാർട്ടി നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടു. നേതാക്കളും പ്രവർത്തകരുമായി ബൂത്തില്‍ നിന്നും ലഭിച്ച വോട്ടുകണക്കുകള്‍ ചർച്ച ചെയ്തു.
സ്വതന്ത്ര സ്ഥാനാർത്ഥി പി.വി.അൻവർ ഇന്നലെ എടവണ്ണ ഒതായിയിലെ വീട്ടിലായിരുന്നു. പാർട്ടി പ്രവർത്തകരുമായി ചർച്ച നടത്തി. ബൂത്തുകളില്‍ നിന്നും ലഭിച്ച റിപ്പോർട്ടുകള്‍ വിലയിരുത്തി.
കൃത്യമായ കണക്കുകൾ ഇന്നാവും ലഭിക്കുക എന്നാണ് പാർട്ടി പ്രാദേശിക നേതാക്കൾ പറയുന്നത്. ഇനിയുള്ള 2 ദിവസം അതു വച്ചുകൊണ്ടുള്ള മനക്കോട്ടകൾ കെട്ടിയാവും തിങ്കളാഴ്ച വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പുറപ്പെടുക.
വോട്ടുകൾ കൂട്ടിയും കുറച്ചും സ്ഥാനാർത്ഥികൾ; ഫലം അറിയാൻ ഇനി 48 മണിക്കൂറുകൾ കൂടി
