ആലപ്പുഴ, ചെല്ലാനം തീരങ്ങളില്‍ വാതക കണ്ടെയ്‌നര്‍ അടിഞ്ഞു; തീപിടിത്തമുണ്ടായ വാന്‍ഹായ് കപ്പലിലേതെന്ന് നിഗമനം

കൊച്ചി: ആലപ്പുഴയിലും എറണാകുളത്തും തീരത്ത് വാതക കണ്ടെയ്‌നര്‍  അടിഞ്ഞു. പുറംകടലില്‍ തീപിടിത്തമുണ്ടായ വാന്‍ഹായ് ചരക്കു കപ്പലില്‍  നിന്നുള്ളതാണ് കണ്ടെയ്‌നറുകളെന്നാണ് വിലയിരുത്തല്‍. അമ്പലപ്പുഴ നോര്‍ത്ത് പഞ്ചായത്തിലെ വളഞ്ഞവഴി- കാക്കാഴം തീരത്തും, എറണാകുളം ചെല്ലാനം തീരത്തുമാണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. ചെല്ലാനം കടല്‍ഭിത്തിയിലാണ് കണ്ടെയ്‌നര്‍ അടിഞ്ഞിട്ടുള്ളത്.

അമ്പലപ്പുഴയിൽ അടിഞ്ഞ വാതക കണ്ടെയ്നറിൽ 22കെഎക്സ് (22KX) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്നർ തീരത്തടിഞ്ഞതോടെ വളഞ്ഞവഴി -കാക്കാഴം കടപ്പുറത്ത് നാട്ടുകാർ തടിച്ചുകൂടി. വിവരമറിഞ്ഞ് പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

നേരത്തെ ചരക്കുകപ്പലിലെ ലൈഫ് ബോട്ടും ആലപ്പുഴ കടപ്പുറത്ത് അടിഞ്ഞിരുന്നു. ലൈഫ് ബോട്ട് തീരത്തിനു സമീപത്തെ മരത്തില്‍ കെട്ടിയിട്ടിരിക്കുകയാണ്. ആലപ്പുഴയിലേക്ക് കൂടുതല്‍ കണ്ടെയ്‌നര്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പു ലഭിച്ചിട്ടുള്ളതെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ അലക്‌സ് വര്‍ഗീസ് പറഞ്ഞു. വാന്‍ഹായ് കപ്പലിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

കൊച്ചി, ആലപ്പുഴ, കൊല്ലം തീരങ്ങളില്‍ തീപിടിത്തമുണ്ടായ കപ്പലിലെ കണ്ടെയ്‌നറുകളും അവശിഷ്ടങ്ങളും അടിയുകയെന്ന് ദുരന്ത നിവാരണ അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. കപ്പല്‍ നിലവില്‍ 57 നോട്ടിക്കല്‍ മൈല്‍ അകലെയാണുള്ളത്. കപ്പലിലെ തീ നിയന്ത്രണ വിധേയമാണെങ്കിലും, ഇപ്പോഴും പുക ഉയരുന്നുണ്ട്. കപ്പലില്‍ 157 അപകടകാരികളായ വസ്തുക്കള്‍ ഉണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

ആസിഡ്, ലിഥിയം ബാറ്ററി, വെടിമരുന്നുകള്‍ തുടങ്ങിയവയാണ് കപ്പിലുണ്ടായിരുന്നത്. കപ്പല്‍ചാലില്‍ ഒരു കണ്ടെയ്‌നര്‍ ഒഴുകിനടക്കുന്നതായി മറ്റൊരു കപ്പലില്‍ നിന്നും കൊച്ചിന്‍ പോര്‍ട്ടിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കപ്പലില്‍ കാണാതായ നാലുപേര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. തീപിടിത്തത്തില്‍ പരിക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!