ഹൈസ്‌കൂളുകളിലെ പ്രവൃത്തിസമയം അടുത്തയാഴ്ച മുതല്‍ കൂടും

തിരുവനന്തപുരം: ഹൈസ്‌കൂളുകളിലെ പ്രവൃത്തിസമയം അരമണിക്കൂര്‍ കൂട്ടിയത് അടുത്തയാഴ്ചമുതല്‍ നടപ്പില്‍ വരും. രാവിലെയും വൈകിട്ടും 15 മിനിറ്റ് വര്‍ധിപ്പിക്കാനാണ് തീരുമാനം. ടൈംടേബിള്‍ പുനഃക്രമീകരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

പിഎം ശ്രീ നടപ്പാക്കാത്തതിനാല്‍ എസ്എ ഫണ്ട് തടഞ്ഞതുമായി ബന്ധപ്പെട്ട് വീണ്ടും കേന്ദ്രമന്ത്രിയെ കാണുന്നത് ആലോചിക്കുന്നുണ്ട്. ഇക്കൊല്ലത്തെ പ്രവേശനോത്സവത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്തി അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. കരട് അന്തിമമാക്കുന്നതിന് വിവിധ മേഖലകളിലുള്ളവരുമായി ഈ മാസം 21-ന് ചര്‍ച്ച നടത്തും. പോക്‌സോ കേസെടുത്തതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാത്ത ഡിഡിഇമാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന സിലബസില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ്‍-എയ്ഡഡ് (അംഗീകൃതം) സ്‌കൂളുകളിലെ 2025-26 അധ്യയന വര്‍ഷത്തിലെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനപ്പെടുത്തിയുളള കുട്ടികളുടെ കണക്കെടുപ്പ് ഇന്ന് നടക്കും. വൈകിട്ട് 5 മണി വരെ കുട്ടികളുടെ എണ്ണം ശേഖരിക്കും. അതിനുശേഷം ഉണ്ടാകുന്ന കണക്കുകള്‍ നിര്‍ണയത്തിന് അനുവാദിക്കില്ലയെന്നും കണക്കെടുപ്പില്‍ എന്തെങ്കിലും അപാകത സംഭവിച്ചാല്‍ ഉത്തരവാദിത്വം പ്രധാനാധ്യാപകനായിരിക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. തിരിച്ചറിയല്‍ രേഖ ഉള്ള കുട്ടികളുടെ അടിസ്ഥാനത്തിലാവും തസ്തിക നിര്‍ണയം. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും പ്രവേശനം നിഷേധിക്കരുത്. ആധാര്‍ ലഭിക്കാത്ത ഒരു സാഹചര്യവും സംസ്ഥാനത്തില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!