ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ വിഴിഞ്ഞത്തേക്ക്, ക്യാപ്റ്റനായി മലയാളിയും

തിരുവന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്‌സി ഐറീന വിഴിഞ്ഞം തുറമുഖത്തേക്ക്. ഇന്ന് രാത്രി കപ്പല്‍ വിഴിഞ്ഞം പുറംകടലിലെത്തും. എന്നാല്‍ ബര്‍ത്തിലടുക്കുന്നത് ആറാം തീയതിയാണ്. സൗത്ത് ഏഷ്യന്‍ തുറമുഖങ്ങളില്‍ ആദ്യമായാണ് ഐറീന എത്തുന്നത്.

സിംഗപ്പൂരില്‍ നിന്നാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തുന്നത്. മലയാളിയായ തൃശ്ശൂര്‍ സ്വദേശി വില്ലി ആന്റണിയാണ് പടുകൂറ്റന്‍ കപ്പലിന്റെ ക്യാപ്റ്റന്‍. കണ്ണൂര്‍ സ്വദേശി അഭിനന്ദ് ഉള്‍പ്പെടെ 35 ജീവനക്കാരുണ്ട്. മെഡിറ്റേറിയന്‍ ഷിപ്പിങ് കമ്പനിയുടെ ഐറീന സിരീസിലുള്ള കപ്പലുകളാണ് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകള്‍.

എംഎസ്സി ഐറീനക്ക് 400 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുണ്ട്. 16.2 മീറ്റര്‍ ഡ്രാഫ്റ്റിലാണു ഐറിന വിഴിഞ്ഞം ബെര്‍ത്തില്‍ പ്രവേശിക്കുന്നത്. 24,346 ടിഇയു കണ്ടെയ്‌നര്‍ ശേഷിയുണ്ട്. 19,462 ടിഇയു ശേഷിയുള്ള എംഎസ്സി ക്ലൗഡ് ജിറാഡറ്റാണ് വിഴിഞ്ഞത്ത് ഇതുവരെ വന്നതില്‍ ഏറ്റവും ശേഷിയുള്ള കപ്പല്‍.

ലൈബീരിയന്‍ ഫ്‌ലാഗുള്ള ഐറീന 2023 ല്‍ നിര്‍മ്മിച്ച് നീറ്റിലിറക്കിയതാണ്. 22 നില കെട്ടിടത്തിന്റെ ഉയരമുള്ള നിര്‍മ്മിതിയാണ്. ആറ് സഹോദരി കപ്പലുകളില്‍ എംഎസ്‌സി തുര്‍ക്കിയും മിഷേല്‍ കപ്പലിനിയും നേരത്തെ തന്നെ വിഴിഞ്ഞം തുറമുഖത്തെത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!