പൊളിക്കാൻ തീരുമാനിച്ച കെട്ടിടങ്ങൾക്ക് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്… വിവാദം…

തൃശൂര്‍ നഗരത്തില്‍ കോര്‍പ്പറേഷന്‍ പൊളിക്കാന്‍ വച്ച അറുപത് കെട്ടിടങ്ങള്‍ക്ക് തൃശൂര്‍ എഞ്ചിനിയറിങ് കോളേജ് സിവില്‍ എഞ്ചിനിയറിങ് വിഭാഗം സ്ട്രക്ചറല്‍ സ്റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വിവാദത്തില്‍. അടിയന്തിരമായി പൊളിക്കേണ്ട പട്ടികയിലിട്ട കെട്ടിടങ്ങളെയാണ് ഈ സര്‍ട്ടിഫിക്കറ്റിന്‍റെ ബലത്തില്‍ നിലനിര്‍ത്തിയിരിക്കുന്നത്. നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെ എഞ്ചിനിയറിങ് കോളേജ് നല്‍കിയ സ്റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ എംകെ. വര്‍ഗീസ് രംഗത്തെത്തി.

സ്വരാജ് റൗണ്ടില്‍ ഇടിഞ്ഞു വീഴാൻ നിന്ന ഈ കെട്ടിടം കഴിഞ്ഞയാഴ്ചയാണ് മേയറും സംഘവും ജെസിബി കൊണ്ടുവന്ന് പൊളിച്ചു കളഞ്ഞത്. ഈ കെട്ടിടത്തിന് ആറുമാസം മുന്‍പ് തൃശൂര്‍ എഞ്ചിനീയറിങ് കോളെജിലെ സിവില്‍ എഞ്ചിനീയറിങ് വിഭാഗം നല്‍കിയതാണ് ഈ സര്‍ട്ടിഫിക്കറ്റ്. കെട്ടിടം ഫിറ്റാണെന്ന് കാണിക്കുന്ന സ്ട്രക്ചറൽ സ്റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റ്. ഈ ഫിറ്റ്നസിന് പിന്നിലാരാണെന്ന് ജനങ്ങള്‍ക്ക് അറിയണമെന്ന് കോണ്‍ഗ്രസ്.

നഗരത്തിലൊട്ടാകെ 271 കെട്ടിങ്ങള്‍ അപായമുനമ്പില്‍ നില്‍ക്കുന്നെന്നാണ് കോര്‍പ്പറേഷന്‍ എഞ്ചിനീയര്‍മാരും പൊതുമരാമത്ത് വകുപ്പും കണ്ടെത്തിയത്. വീഴാറായ കെട്ടിടം പൊളിക്കാന്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കുമെങ്കിലും എഞ്ചിനീയറിങ് കോളേജിലെ സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ നിന്ന് സംഘടിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ബലത്തില്‍ കെട്ടിട ഉടമകള്‍ പൊളിക്കലില്‍ നിന്ന് പരിരക്ഷ നേടും. ഒഴിവാക്കും. വിജിലന്‍സ് അന്വേഷണമാണ് കോര്‍പ്പറേഷനും ആവശ്യപ്പെടുന്നത്.

എഞ്ചിനീയറിങ് കോളെജില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളുടെ നിയമ പരിരക്ഷ മറികടക്കാന്‍ കോര്‍പ്പറേഷന്‍ കളക്ടറുടെ സഹായം തേടുകയാണ് ചെയ്തത്. ദുരന്ത നിവാരണ നിയമപ്രകാരം പൊളിക്കാനുള്ള ഉത്തരവിലാണ് സ്വരാജ് റൗണ്ടില്‍ പൊളിക്കല്‍ നടന്നത്. എന്നാല്‍ എല്ലായ്പ്പോഴും ഇത് പ്രായോഗികമല്ലെന്നിരിക്കേ സമഗ്രാന്വേഷണം ആവശ്യപ്പെടുകയാണ് കോര്‍പ്പറേഷനും. അതിനിടെ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ പ്രതികരിക്കാന്‍ എഞ്ചിനീയറിങ് കോളേജ് സിവില്‍ എഞ്ചിനീയറിങ് വിഭാഗം അധ്യാപകന്‍ തയാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!