കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. സ്വർണ്ണക്കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
ഇന്നലെ പകൽവരെ മുൻനിരയിൽ നിന്ന കണ്ണൂരിനെ പിന്തള്ളി വൈകിട്ടോടെ നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോട് ഒന്നാം സ്ഥാനത്ത് എത്തി.
കോഴിക്കോടിന് 896 പോയിന്‍റാണുള്ളത്. കണ്ണൂരിന് 892ഉം. ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില, ചാംപ്യൻ ജില്ലയെ തീരുമാനിക്കുന്നതിൽ നിർണായകമാകും.
നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ് തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് വേദിയിൽ നടക്കുന്നത്. നിലവിൽ മൂന്നാം സ്ഥാനത്തെങ്കിലും സ്വർണക്കപ്പെന്ന സ്വപ്നം പാലക്കാട്ടെ കുട്ടികളും ഉപക്ഷിച്ചിട്ടില്ല.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മമ്മൂട്ടിയാണ് മുഖ്യാതിഥി.