റിപ്പോർട്ടർ ടി.വിയുടെ ഓഹരിക്കൈമാറ്റം തടഞ്ഞു; രാജ്യസുരക്ഷയെ ബാധിക്കുമെന്ന് അഭ്യന്തര മന്ത്രാലായം

ന്യൂഡൽഹി : പുതിയ നിക്ഷേപത്തിലൂടെ മുഖംമിനുക്കിയ റിപ്പോർട്ടർ ടി.വി ചാനലിന്റെ മാനേജ്‌മെന്റിന് തിരിച്ചടി. ചാനലിന്റെ ഓഹരി കൈമാറാനുള്ള നീക്കം അഭ്യന്തര മന്ത്രാലയം തടഞ്ഞു.

ചാനൽ ഓഹരികൾ മുട്ടിൽ കുടുംബത്തിലെ കെ.ജെ ജോസ്, വി.വി സാജു എന്നിവരുടെ പേരിലേക്ക് മാറ്റണമെന്ന ചാനലിന്റെ മുഖ്യ മുഖമായ മുതിർന്ന മാധ്യമപ്രവർത്തകൻ എം.വി നികേഷ് കുമാറിന്റെ അപേക്ഷ തള്ളിയാണ് അഭ്യന്തര മന്ത്രിലായത്തിന്റെ നടപടി.

റിപോർട്ടർ ടി.വിയിലേക്ക് അനധികൃമായി പണമെത്തിയെന്നാണ് അഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തൽ. ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന തിനാലാണ് ഓഹരി കൈമാറ്റം അനുവദിക്കാത്തതെന്നും ചാനലിന്റെ ഓഹരികൾ കൈവശം വെച്ച എല്ലാവരുടെയും അക്കൗണ്ടുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടിയെന്നുമാണ് റിപോർട്ടുകൾ.

ചാനലിലേക്ക് നിരോധിത സംഘടനയിൽനിന്നും പണം എത്തിയെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ ഈയിടെ നികേഷ് കുമാറിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ചാനലിന്റെ ഉടമസ്ഥത സംബന്ധിച്ച് നേരത്തെ തന്നെ കോടതികളിൽ കേസുണ്ട്. ചാനലിന്റെ തുടക്കത്തിൽ പണം മുടക്കിയ ലാലി ജോസഫ് നികേഷ് കുമാറിനെതിരെ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. നികേഷ് ക്രിമിനൽ ഗൂഢാലോചന നടത്തിയും വ്യാജ രേഖകൾ ചമച്ചും ഷെയർ അലോട്‌മെന്റിൽ തിരിമറി നടത്തിയും കൃത്രിമ പണമിടപാടുകൾ നടത്തിയും ഭൂരിപക്ഷം ഓഹരികൾ തട്ടിയെന്നായിരുന്നു ലാലി ജോസഫിന്റെ പരാതി. ഇതിൽ അന്തിമ വിധി വരാനിരിക്കെ, കോടികൾ വാങ്ങിയാണ് നികേഷ് കുമാർ തിടുക്കപ്പെട്ട് മുട്ടിൽ മരംമുറി കേസിലെ ആരോപണവിധേയരായ അഗസ്റ്റിൻ സഹോദരന്മാർക്ക് ചാനൽ കൈമാറിയതെന്നാണ് ആരോപണം.

ഇവരാകട്ടെ സ്ഥാപനത്തിന്റെ മുന്നോട്ടുപോക്കിനായി കോടികൾ മുടക്കുകയും ചെയ്തു. എന്നാൽ, സ്ഥാപനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് ഓഹരിക്കൈമാറ്റമുണ്ടായതെന്നാണ് മറുവിഭാഗത്തിന്റെ വാദം. നിയമപരമായാണ് ഓഹരിക്കൈമാറ്റമെന്നും നികേഷിനെ പിന്തുണക്കുന്നവർ പറയുന്നു. എന്തായാലും അഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ചാനലിന്റെ മുന്നോട്ടുപോക്കിൽ, പ്രത്യേകിച്ചും സാമ്പത്തികരംഗത്ത് വലിയ പ്രതിസന്ധിയുണ്ടാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!