പന്ത്രണ്ടുകാരന് നെഞ്ചുവേദനയും ശ്വാസംമുട്ടലും…അഞ്ച് ദിവസം കുട്ടിയുടെ ശ്വാസകോശത്തിനകത്തിരുന്നത് ബോർഡ് പിൻ…

കൊൽക്കത്ത : പന്ത്രണ്ടുവയസുള്ള കുട്ടിയുടെ ശ്വാസകോശത്തിൽ നിന്നും രണ്ടു സെന്റീമീറ്ററിലധികം വലിപ്പമുള്ള ഒരു ബോർഡ് പിൻ ഡോക്ടർമാർ പുറത്തെടുത്തു. അഞ്ച് ദിവസമാണ് ഈ പിൻ കുട്ടിയുടെ ശ്വാസകോശത്തിൽ തറഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ 48 മണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടി പീഡിയാട്രിക് ഐസിയുവിൽ നിരീക്ഷണത്തിലാണ് ഇപ്പോൾ.

പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസ് സ്വദേശികളാണ് ശ്വാസംമുട്ടും നെഞ്ച് വേദനയുമുണ്ടായിരുന്ന കുട്ടിയെ നാട്ടിലെ ചെറിയ ആശുപത്രികളിൽ കാണിച്ചത്. ചികിത്സകളിലൊന്നും കാര്യമായ ഫലം കാണാതെ വന്നപ്പോൾ ബാസിർഹതിലെ ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെവെച്ച് എക്സ് റേ എടുത്ത് നോക്കിയപ്പോൾ ശ്വാസകോശത്തിൽ എന്തോ അസ്വഭാവിക വസ്തു ഉണ്ടെന്ന് കണ്ടെത്തി. ഇതേ തുടർന്ന് കൊൽക്കത്തയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. ചൊവ്വാഴ്ച ആശുപത്രിയിലെത്തി സിടി സ്കാൻ എടുത്തപ്പോഴാണ് തറഞ്ഞിരിക്കുന്ന വസ്തുവിന്റെ കൃത്യമായ സ്ഥാനം കണ്ടെത്താൻ സാധിച്ചത്.

ഇടത് ബ്രോങ്കസിൽ ഒരു പിൻ പോലുള്ള വസ്തു ഉണ്ടെന്ന് സ്കാനിൽ കണ്ടെത്തി. അപകടാവസ്ഥ കണക്കിലെടുത്ത് വിവിധ സ്‍പെഷ്യാലിറ്റികളിലെ ഡോക്ടർമാർ സംയുക്തമായാണ് ചികിത്സ നൽകിയത്. ഇടത് ശ്വാസകോശം ഏതാണ്ട് പൂർണമായും പ്രവർത്തിക്കാത്ത തരത്തിലായിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു. ഏതാനും ദിവസമായി ഈ പിൻ കുട്ടിയുടെ ശ്വാസകോശത്തിൽ ആഴത്തിൽ തറ‌ഞ്ഞിരിക്കുകയായിരുന്നു.

ബ്രോങ്കോസ്കോപ്പും ഒപ്റ്റിക്കൽ ഫോർസെപ്‍സുകളും ഉപയോഗിച്ചാണ് ശ്വാസകോശത്തിൽ നിന്ന് പിൻ പുറത്തെടുത്തത്. രക്തസ്രാവം കാരണം ശരിയായ രീതീയിൽ കാഴ്ച സാധ്യമാവാതെ വന്നതിനെ തുടർന്ന് രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് പിൻ പുറത്തെടുത്തത്. കുട്ടി പിൻ വിഴുങ്ങിയെന്ന് മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. പിൻ പുറത്തെടുത്ത ശേഷം പീഡിയാട്രിക് ഐസിയുവിലേക്ക് മാറ്റിയ കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അതുകൊണ്ടുതന്നെ അടുത്ത രണ്ട് ദിവസം നിർണായകമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!