കുസാറ്റ് ദുരന്തം; പ്രിൻസിപ്പാളിനെയും അദ്ധ്യാപകരെയും പ്രതിചേർത്ത് പോലീസ്; കുറ്റകരം അല്ലാത്ത നരഹത്യയ്ക്ക് കേസും

എറണാകുളം : സംഗീത പരിപാടിയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ മരിച്ച സംഭവത്തിൽ കുസാറ്റിലെ പ്രിൻസിപ്പാളിനെയും അദ്ധ്യാപകരെയും പ്രതിചേർത്ത് പോലീസ്.

ഡോ. ദീപക് കുമാർ സാഹു, ടെക് ഫെസ്റ്റ് കൺവീനർമാരായ അദ്ധ്യാപകരായ ഡോ. ഗിരീഷ് കുമാർ തമ്പി, ഡോ. എൻ ബിജു എന്നിവരെയാണ് പ്രതി ചേർത്തത്. കുറ്റകരം അല്ലാത്ത നരഹത്യയ്ക്ക് ഇവർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.


പ്രിൻസിപ്പാൾ ആണ് കേസിലെ ഒന്നാം പ്രതി. മതിയായ സുരക്ഷയോ മുന്നൊരുക്കങ്ങളോ ഇല്ലാതെയാണ് ക്യാമ്പസിൽ പരിപാടി നടത്തിയത് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇതേ തുടർന്നാണ് പ്രിൻസിപ്പാളിനെയും അദ്ധ്യാപകരെയും പ്രതി ചേർത്തത്. പരിപാടിയ്ക്ക് പോലീസ് സുരക്ഷ തേടിയുള്ള കത്ത് രജിസ്ട്രാർ കൈമാറിയിരുന്നില്ല. ഇക്കാര്യം പോലീസ് പരിശോധിച്ചുവരികയാണ്. ഇതിന് ശേഷം രജിസ്ട്രാറെയും പ്രതിചേർക്കും എന്നാണ് സൂചന.


2023 നവംബർ 25നാണ് കുസാറ്റിൽ അപകടമുണ്ടായത്. ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും നാല് പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ മൂന്ന് പേർ ക്യാമ്പസിലെ തന്നെ വിദ്യാർത്ഥികളും മറ്റൊരാൾ പരിപാടി കാണാൻ എത്തിയ പാലക്കാട് സ്വദേശിയുമാണ്. അപകടത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ പരിപാടി സംഘടിപ്പിക്കുന്നതിൽ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുള്ളതായി വ്യക്തമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!