അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു, ബിന്ദുവിന്റെ കസ്റ്റഡിയില്‍ വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി

കോഴിക്കോട് : സ്വര്‍ണമാല കാണാതായ സംഭവത്തില്‍ ദലിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയില്‍ വച്ച് മാനസികമായി പീഡിപ്പിച്ചതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് സ്റ്റേഷനില്‍ അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സിഎം ഓഫീസില്‍ വന്നപ്പോള്‍ പരിശോധിക്കാമെന്നാണ് പറഞ്ഞതെന്നും പരിശോധനക്കുള്ള താമസം മാത്രമേ സിഎം ഓഫീസില്‍ നിന്ന് ഉണ്ടായിട്ടുള്ളൂവെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

ഇല്ലാത്ത മോഷണക്കുറ്റത്തിന്റെ പേരില്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദലിത് സ്ത്രീയായ ബിന്ദുവിന് നേരിടേണ്ടിവന്നത് കൊടിയ പീഡനമായിരുന്നുവെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ജോലി ചെയ്യുന്ന വീട്ടില്‍നിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ചാണ് കഴിഞ്ഞമാസം 23 ന് ബിന്ദുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കുടിക്കാന്‍ വെള്ളം പോലും നല്‍കാതെ 20 മണിക്കൂറോളം ക്രൂരമായ ചോദ്യം ചയ്യല്‍ നടന്നു. മോഷണക്കുറ്റം സമ്മതിച്ചില്ലെങ്കില്‍ പെണ്‍മക്കളെ കേസില്‍ കുടുക്കുമെന്നായിരുന്നു ഭീഷണി. ചട്ടങ്ങളും മനുഷ്യാവകാശങ്ങളും കാറ്റില്‍പ്പറത്തിയായിരുന്നു ഒരു രാത്രി മുഴുവന്‍ ബിന്ദുവിനെ സ്റ്റേഷനില്‍ നിര്‍ത്തി അധിക്ഷേപിച്ചത്.

പരാതിക്കാരിയുടെ വീട്ടില്‍ തെരച്ചില്‍ നടത്തിയില്ല. പകരം ജോലി കഴിഞ്ഞു മടങ്ങിയ ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചു രുത്തി. കസ്റ്റഡിയിലെടുക്കുമ്പോള്‍ ബന്ധുക്കളെ വിവരം അറിയിക്കണമെന്ന ചട്ടം പോലും പാലിച്ചില്ല. ഇത് പെലീസിന്റെ നിയമപരമായ ബാധ്യതയാണ്. ബന്ധുക്കള്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാനും അനുവദിച്ചില്ല.

ഒരു സാഹചര്യവും ഇല്ലാതിരിന്നിട്ടും ബിന്ദുവിനെ രാത്രി മുഴുവന്‍ സ്റ്റേഷനില്‍ പാര്‍പ്പിച്ചു. പിറ്റേന്ന് രാവിലെ മാല കിട്ടിയെന്ന് പരാതിക്കാരി അറിയിച്ചിട്ടും ബിന്ദുവിനെ വിട്ടയച്ചില്ല. മാല കിട്ടിയ കാര്യം അറിയിച്ചതുമില്ല. ഉച്ചക്ക് ഭര്‍ത്താവ് വന്നശേഷം മാത്രമാണ് ബിന്ദുവിനെ വിട്ടയച്ചത്. താന്‍ നേരിട്ട ക്രൂരത പറയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശി പരാതി വായിക്കാതെ മേശപ്പുറത്തേക്കിട്ടെന്നും കോടതിയില്‍ പോകാന്‍ പറഞ്ഞെന്നുമാണ് ബിന്ദുവിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!