വൈകുന്നേരം നാലുമണിക്ക് ശേഷം മറ്റൊരു നിരക്ക്…സ്വകാര്യ ചാർജിങ് സ്റ്റേഷനുകളേക്കാൾ നിരക്ക് കൂട്ടി കെഎസ്ഇബി…

തിരുവനന്തപുരം : കെഎസ്ഇബിയുടെ അപ്രതീക്ഷിത നീക്കത്തിൽ ഇ-വാഹന  ഉപഭോക്താക്കൾക്ക് തിരിച്ചടി. കെഎസ്ഇബിയുടെ 63 ചാർജിങ് സ്റ്റേഷനുകളിൽ വൈകുന്നേരം നാലിനുശേഷം ഇ-വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനാണ് നിരക്ക് കൂട്ടിയത്.

കേന്ദ്ര സർക്കാരിന്റെ മാർഗ നിർദേശപ്രകാരമുള്ള ‌സർവീസ് ചാർജുകൂടി ഈടാക്കാൻ തീരുമാനിച്ചതോടെ, പല സ്വകാര്യ ചാർജിങ് സ്റ്റേഷനുകളേക്കാൾ കൂടുതൽ തുകയാണ് ഇവിടങ്ങളിൽ നൽകേണ്ടിവരുന്നത്. സ്വകാര്യ ചാർജിങ് സ്റ്റേഷനുകൾക്ക് ഇപ്പോൾ ഏകീകരിച്ചനിരക്കില്ല. ഇതുവരെ പകലും രാത്രിയും കെഎസ്ഇബി സ്റ്റേഷനുകളിൽ നിരക്ക് തുല്യമായിരുന്നു.

കേന്ദ്ര ഊർജമന്ത്രാലയം സർവീസ് ചാർജ് ഏകീകരിക്കുകയും വിവിധവിഭാഗങ്ങളിൽ പരമാവധി പരിധിനിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. യൂണിറ്റിന് മൂന്നുമുതൽ 13 വരെയാണ് പരമാവധി സർവീസ് ചാർജ്. സ്വകാര്യസ്റ്റേഷനുകൾ ഇതിൽ ഇളവുനൽകി മത്സരാധിഷ്ടിതമായി പ്രവർത്തിക്കുമ്പോൾ പരമാവധി ചാർജുതന്നെ ഈടാക്കാനാണ് കെഎസ്ഇബി തീരുമാനം.

രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലുവരെയുള്ള സൗരോർജ മണിക്കൂറുകളിൽ നിരക്ക് 30 ശതമാനം കുറയ്ക്കാനും വൈകുന്നേരം നാലുമുതൽ രാവിലെ ഒൻപതുവരെ 30 ശതമാനം കൂട്ടാനും വൈദ്യുതി റെഗുലേറ്ററി കമ്മ‌ിഷൻ അനുവാദം നൽകിയിരുന്നു.

രാത്രിയിൽ ചാർജിങ്ങിന് വൈദ്യുതിയുപയോഗിക്കുന്നത് കുറയ്ക്കാനും പകൽ ലഭ്യമാകുന്ന സൗരോർജം പരമാവധി പ്രയോജനപ്പെടുത്താനുമാണ് ഈ നടപടി.

പുതിയനിരക്ക്

രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലുവരെ

(18 ശതമനാനം ജിഎസ്ടി ഉൾപ്പെടെ ഒരുയൂണിറ്റിന്)

എസി സ്ലോ ചാർജിങ്-10.03 രൂപ

ഡിസി ഫാസ്റ്റ് ചാർജിങ്-19.47 രൂപ

വൈകുന്നേരം നാലുമുതൽ രാവിലെ ഒൻപതുവരെ

എസി സ്ലോ-16.79

ഡിസി ഫാസ്റ്റ്-27.41 രൂപ

പഴയനിരക്ക്

എസി സ്ലോ-10.62 രൂപ

ഡിസി, എസി ഫാസ്റ്റ്-15.34 രൂപ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!