നരകം വേണോ പാകിസ്ഥാൻ വേണോ? നരകം തന്നെ തെരഞ്ഞെടുക്കുമെന്ന് ജാവേദ് അക്തർ…

മുംബൈ : നരകം വേണോ പാകിസ്ഥാൻ വേണോ എന്ന് ചോദിച്ചാൽ താൻ തീർച്ചയായും നരകം തന്നെ തെരഞ്ഞെടുക്കുമെന്ന് ഗാനരചയിതാവ് ജാവേദ് അക്തർ. മുംബൈയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജാവേദ് അക്തർ.

ഒരു വിഭാഗം പറയുന്നത് ‘നീ കാഫിർ’ ആണെന്നും നീ നരകത്തിൽ പോകുമെന്നുമാണ്. മറുവിഭാഗം ‘നീ ജിഹാദി’യാണെന്നും പാകിസ്ഥാനിലേക്ക് പോകണമെന്നും പറയുന്നു. ഈ രണ്ട് വഴികളേയുള്ളൂവെങ്കിൽ താൻ നരകത്തിലേക്ക് പോകാനാണ് ഇഷ്ടപ്പെടുന്നതെന്ന് ജാവേദ് അക്തർ വിശദീകരിച്ചു. താൻ മുംബൈയിൽ വരുമ്പോൾ 19 വയസ്സായിരുന്നു പ്രായം. ഈ നഗരവും മഹാരാഷ്ട്രയും കാരണം ഞാൻ ഞാനായെന്നും അദ്ദേഹം പറഞ്ഞു.

ഒരുപാടുപേർ തന്നെ പിന്തുണയ്ക്കുകയും പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇരുവശത്തുമുള്ള തീവ്ര നിലപാടുകാരിൽ നിന്ന് അധിക്ഷേപങ്ങളും കുത്തുവാക്കു കളും നേരിടുന്നുണ്ടെന്നും ജാവേദ് അക്തർ പറഞ്ഞു. ഇരുപക്ഷവും ഏതാണെന്ന് അദ്ദേഹം വിശദീകരിച്ചിട്ടില്ല.

“ഒരു പക്ഷത്തിനു വേണ്ടി മാത്രം സംസാരിച്ചാൽ ഒരു വിഭാഗം മാത്രമേ അസന്തുഷ്ടരാകൂ. എന്നാൽ എല്ലാവർക്കും വേണ്ടി സംസാരിച്ചാൽ കൂടുതൽ പേർ അസന്തുഷ്ടരാകും. എന്റെ ട്വിറ്ററും വാട്ട്‌സ്ആപ്പും ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം, അതിൽ ഇരുവശത്തുനിന്നും എനിക്ക് നേരെ അധിക്ഷേപങ്ങൾ വർഷിക്കപ്പെടുന്നു. ധാരാളം പേർ എന്നെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇരുവശത്തുമുള്ള തീവ്രവാദികൾ എന്നെ ശകാരിക്കുന്നു. ഒരു വിഭാഗം എന്നെ ശകാരിക്കുന്നത് നിർത്തിയാൽ, എനിക്ക് എന്തോ തെറ്റ് പറ്റിയിട്ടുണ്ടെന്ന് എനിക്ക് തന്നെ തോന്നും”- ജാവേദ് അക്തർ വിശദീകരിച്ചു.

കശ്മീരികൾ ഉള്ളിൽ പാകിസ്ഥാനികളാണെന്ന് പാക് പ്രചാരണത്തെ ജാവേദ് അക്തർ രൂക്ഷമായി വിമർശിച്ചിരുന്നു- “ഇത് നുണയാണ്. സ്വാതന്ത്ര്യാനന്തരം പാകിസ്ഥാൻ കശ്മീരിനെ ആക്രമിച്ചപ്പോൾ, കശ്മീരികളാണ് ആദ്യ മൂന്ന് ദിവസം അവരെ തടഞ്ഞത്. അതിനുശേഷം മാത്രമാണ് നമ്മുടെ സൈന്യം എത്തിയത്. സത്യം പറഞ്ഞാൽ അവർക്ക് ഇന്ത്യയിലല്ലാതെ ജീവിക്കാൻ കഴിയില്ല. പഹൽഗാമിൽ സംഭവിച്ചത് അവരെയാണ് ഏറ്റവും വേദനിപ്പിച്ചത്. ടൂറിസം തിരിച്ചടി നേരിട്ടു. കശ്മീരികൾ ഇന്ത്യക്കാരാണ്. അവരിൽ 99% പേരും ഇന്ത്യയോട് വിശ്വസ്തരാണ്.”.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!