ജയ്പൂര്‍: വൈഭവ് സൂര്യവംശിയുടെ മിന്നും സെഞ്ച്വറി കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. 210 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം രാജസ്ഥാന്‍ 15.5 ഓവറില്‍ മറികടന്നു. വൈഭവ് സൂര്യവംശിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
38 പന്തില്‍ 11 സിക്‌സും ഏഴു ഫോറുമുള്‍പ്പെടെ 101 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. 35 പന്തിലാണ് വൈഭവ് സെഞ്ചുറി ഇതോടെ ഐപിഎലില്‍ അര്‍ധ സെഞ്ച്വറി, സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമായി 14 വയസും 32 ദിവസും മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശി. ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്. 30 പന്തില്‍ സെഞ്ച്വറി നേടിയ ക്രിസ് ഗെയ്ലിന്റെ പേരിലാണ് ഏറ്റവും വേഗമേറിയ സെഞ്ച്വറിയുടെ റെക്കോഡ്.
മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ വൈഭവ് സൂര്യവഷിയും യശസ്വി ജയ്സ്വാളും മികച്ച തുടക്കമാണ് രാജസ്ഥാന് നല്‍കിയത്. അഞ്ച് ഓവറില്‍ 81 റണ്‍സെടുത്ത കൂട്ടുകെട്ട് 10 ഓവറില്‍ 144 റണ്‍സാണെടുത്തത്. ഇഷാന്ത് ശര്‍മ്മയുടെ ഓവറില്‍ മൂന്ന് സിക്സറുകളും രണ്ട് ബൗണ്ടറികളും സഹിതം വൈഭവ് 28 റണ്‍സാണ് നാലാം ഓവറില്‍ നേടിയത്. കരീം ജനാത്ത് എറിഞ്ഞ പത്താം ഓവറില്‍ മൂന്നു സിക്‌സും മൂന്നു ഫോറുമുള്‍പ്പെടെ 30 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. 38 പന്തുകള്‍ മാത്രം നേരിട്ട് 11 സിക്‌സും ഏഴു ഫോറുമുള്‍പ്പെടെ 101 റണ്‍സെടുത്താണ് വൈഭവ് മടങ്ങിയത്. വൈഭവ് സൂര്യവംശി യശസ്വി ജയ്‌സ്വാള്‍ കൂട്ടുകെട്ട് 71 പന്തില്‍ 166 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 12-ാം ഓവറില്‍ യശസ്വി ജയ്സ്വാള്‍ അര്‍ദ്ധ സെഞ്ച്വറി തികച്ചു. 31 പന്തുകളില്‍ നിന്നായിരുന്നു ജയ്സ്വാളിന്റെ നേട്ടം. ഇതേ ഓവറില്‍ വൈഭവിനെ (38 പന്തില്‍ 101) പുറത്താക്കി പ്രസീദ് കൃഷ്ണ ഗുജറാത്തിന് ആശ്വാസമേകി.
വൈഭവ് മടങ്ങിയതിന് പിന്നാലെ നിതീഷ് റാണയെ മടക്കിയയച്ചു റാഷിദ് ഖാന്‍ ഗുജറാത്തിന് പ്രതീക്ഷ നല്‍കി. ഇതോടെ ക്രീസിലെത്തിയ നായകന്‍ റിയാന്‍ പരാഗ് രാജസ്ഥാന്റെ സ്‌കോറിങ്ങിന് വേഗം കൂട്ടി. 15 പന്തുകളില്‍ നിന്ന് 32 റണ്‍സുമായി പരാഗും 40 പന്തില്‍ നിന്ന് 70 റണ്‍സുമായി ജയ്‌സ്വളും പുറത്താകാതെ നിന്നു.
