ദുബൈ : ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് കിടിലൻ ജയം. പാക്കിസ്ഥാൻ ഉയർത്തിയ 242 എന്ന ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്.
വിരാട് കൊഹ്ലിയുടെ സെഞ്ച്വറി 100*(111) മികവില്‍ 242 റണ്‍സ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 45 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത വിരാട് കൊഹ്ലി, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്. ജയത്തോടെ ഇന്ത്യ സെമി പ്രവേശനം ഉറപ്പാക്കിയപ്പോള്‍ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുന്നതിന്റെ വക്കിലാണ്. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇനി അവര്‍ക്ക് അവസാന നാലിലെത്താന്‍ കഴിയൂ.
ടോസ് നേടിയ പാക്കിസ്ഥാൻ ആദ്യം ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. എന്നാല്‍ തുടക്കം തന്നെ പാക്കിസ്ഥാന് പിഴച്ചു. പാക്കിസ്ഥാൻ്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ട് ഓപണര്‍മാരായ ബാബര്‍ അസമും ഇമാമുള്‍ ഹഖുമാണ് ആദ്യം പുറത്തായത്.
പിന്നീട് ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാനും സൌദ് ഷക്കീലുമാണ് സ്കോർ പതുക്കെ പടുത്തുയർത്തിയത്. എന്നാല്‍ 49.4 ഓവറില്‍ 241 റണ്‍സ് എടുത്ത് എല്ലാവരും കൂടാരം കയറി. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും ഹർദിക് പാണ്ഡ്യ രണ്ടും വീതം വിക്കറ്റെടുത്തു. അക്സർ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹർഷിത് റാണ എന്നിവർ ഒന്ന് വീതം വിക്കറ്റ് വീഴ്ത്തി.
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ സെമിയിലേക്ക്
