കര്‍ണാടകയിലെ ജാതി സര്‍വേ പുനഃപരിശോധിക്കണം,ഡാറ്റ അശാസ്ത്രീയം: വിമര്‍ശിച്ച് വീരപ്പ മൊയ്‌ലി

ബംഗളൂരു: 2015 ല്‍ കാന്തരാജ് കമ്മീഷന്‍ നടത്തിയ ജാതി സര്‍വേയിലെ വിവരങ്ങള്‍ പുറത്തു വന്നതോടെ കര്‍ണാടക രാഷ്ട്രീയത്തില്‍ കോലാഹലം സൃഷ്ടിച്ചിരിക്കുകയാണ്. ജാതി സര്‍വേ തെരഞ്ഞെടുപ്പ് വാഗ്ദാനമാണെന്നിരിക്കെ 10 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ സര്‍വേ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരപ്പ മൊയ്‌ലി തന്നെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. കാന്തരാജ് കമ്മീഷന്‍ നടത്തിയ ജാതി സര്‍വേയിലെ വിവരങ്ങള്‍ കാലഹരണപ്പെട്ടതും ഭിന്നിപ്പുണ്ടാക്കുന്നതുമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് മാത്രമേ കര്‍ണാടകയിലെ ജനസംഖ്യയുടെ യഥാര്‍ഥ സാമൂഹിക, സാമ്പത്തിക, ജാതി ഘടന വ്യക്തമായി പ്രതിഫലിപ്പിക്കാന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഒരു റീ സര്‍വേയുടെ ആവശ്യം ഉണ്ട്. പുതിയ സര്‍വേയിലൂടെ മാത്രമേ കൃത്യമായ കണക്ക് ലഭിക്കൂ. ഈ ഡാറ്റ സമൂഹത്തെ ധ്രുവീകരിക്കാനും സാമൂഹിക ഐക്യത്തിന് ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് വീരപ്പ മൊയ്‌ലി മുന്നറിയിപ്പ് നല്‍കി. മുസ്ലീം ജനസംഖ്യാ വര്‍ധനവില്‍ 4 ശതമാനം മുതല്‍ 6 ശതമാനം വരെ വര്‍ധനവുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നിരവധി പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് സര്‍വേ ശാസ്ത്രീയമായി നടത്തിയിട്ടില്ലെന്ന സംശയമുണ്ടാകുന്നത്, അദ്ദേഹം പറഞ്ഞു.

1992 ല്‍ ചിന്നപ്പ റെഡ്ഡി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം ലിംഗായത്ത് ജനസംഖ്യ എങ്ങനെയാണ് കുറയുന്നത്. വര്‍ധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. ”വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ജാതി സെന്‍സസ് സംബന്ധിച്ച മന്ത്രിസഭാ യോഗത്തില്‍ സമവായമുണ്ടായില്ല. ലിംഗായത്ത്, വൊക്കലിഗ തുടങ്ങിയ ജാതി വിഭാഗങ്ങളുടെ ജനസംഖ്യ മുമ്പ് കണക്കാക്കിയതിനേക്കാള്‍ കുറവാണെന്ന് ചില മന്ത്രിമാര്‍ പരസ്യമായി പറഞ്ഞു. 1992 ല്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ചിന്നപ്പ റെഡ്ഡി കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ലിംഗായത്തുകളുടെ ജനസംഖ്യ നിലവിലെ റിപ്പോര്‍ട്ടിനേക്കാള്‍ വളരെ കൂടുതലായിരുന്നു. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം എങ്ങനെയാണ് ജനസംഖ്യ കുറയുന്നത്. വര്‍ധിക്കുകയല്ലേ വേണ്ടത്”,മെയ് 2ന് സര്‍ക്കാര്‍ ഈ വിഷയം വീണ്ടും ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പല സമുദായങ്ങളും സംശയിക്കുന്ന ഒരു സാഹചര്യത്തില്‍ സര്‍ക്കാരിന് തിടുക്കത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ല. ഇപ്പോള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ മന്ത്രിമാരെ വിശ്വാസത്തിലെടുക്കണം. പ്രതിപക്ഷവുമായും സമുദായ നേതാക്കളുമായും കൂടിയാലോചിക്കണം. ഒരു സമവായത്തിലെത്തിയ ശേഷം, അവര്‍ക്ക് അത് നടപ്പിലാക്കാം. അല്ലെങ്കില്‍ സര്‍വേയുടെ കൂടുതല്‍ ശാസ്ത്രീയമായ അപ്ഡേറ്റ് നടത്താം. സുപ്രീംകോടതി വിധികള്‍ അനുസരിച്ച്, ജാതി സെന്‍സസ് ഓരോ 10 വര്‍ഷത്തിലും പുനഃപരിശോധിക്കേണ്ടതുണ്ട്. എന്റെ സര്‍ക്കാര്‍ അംഗീകരിച്ച ചിന്നപ്പ റെഡ്ഡി കമ്മീഷന്‍ പോലും ഇത് ഓരോ 10 വര്‍ഷത്തിലും പുനഃപരിശോധിക്കേണ്ടതാണ്. ഇപ്പോള്‍ 30 വര്‍ഷത്തിലേറെയായി. അതിനാല്‍ സര്‍വേ അശാസ്ത്രീയമാണെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാദത്തോട് ഭാഗിമായി യോജിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!