കിഫ്ബി സിഇഒ പദവി രാജിവെക്കില്ല, സിബിഐ അന്വേഷണം സധൈര്യം നേരിടും; ഹര്‍ജിക്കാരന് തന്നോട് ശത്രുത: കെ എം എബ്രഹാം

തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ഹൈക്കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കിഫ്ബി സിഇഒ സ്ഥാനത്തു നിന്നും താന്‍ രാജിവെക്കില്ലെന്ന് കെ എം എബ്രഹാം. പദവിയില്‍ തുടരണോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കം. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സധൈര്യം നേരിടുമെന്നും മുന്‍ ചീഫ് സെക്രട്ടറി കൂടിയായ കെ എം എബ്രഹാം വ്യക്തമാക്കി.

കിഫ്ബി ജീവനക്കാര്‍ക്കുള്ള വിഷു ദിന സന്ദേശത്തിലാണ് ഹൈക്കോടതി വിധിയില്‍ കെഎം എബ്രഹാം നിലപാട് വ്യക്തമാക്കിയത്. കോടതി വിധി ദൗര്‍ഭാഗ്യകരമാണ്. സ്വത്തിന്റെ കാര്യത്തില്‍ ഹാജരാക്കിയ രേഖകള്‍ കോടതി പരിശോധിച്ചോയെന്ന് സംശയമുണ്ട്. വസ്തുതകളും രേഖകളും പരിശോധിച്ചില്ല. അനുമാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. ഭാര്യയുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പരിശോധിച്ചില്ല. കൊല്ലത്തെ കെട്ടിട നിര്‍മ്മാണം താനും സഹോദരന്മാരും തമ്മിലുള്ള ധാരണാപത്രം അനുസരിച്ചാണ്. ഓരോ രുപയ്ക്കും കണക്കുണ്ടെന്നും കെ എം എബ്രഹാം പറയുന്നു.

ഹര്‍ജിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെയും എബ്രഹാം കടുത്ത ആരോപണം ഉന്നയിച്ചു. ഹര്‍ജിക്കാരന്‍ തനിക്കെതിരെ ഗൂഢാലോചന നടത്തി. ഹര്‍ജിക്കാരന് തന്നോട് കടുത്ത ശത്രുതയുണ്ട്. താന്‍ ധന വകുപ്പ് സെക്രട്ടറിയായിരിക്കെ ഹര്‍ജിക്കാരന്‍ പിഡബ്ലിയുഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തത് കണ്ടുപിടിച്ചു. തുടര്‍ന്ന് ഹര്‍ജിക്കാരനെതിരെ പിഴ ചുമത്തിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ജോമോന്‍ പുത്തന്‍പുരയ്ക്കലിന് തന്നോടുള്ളതെന്ന് കെ എം എബ്രഹാം പറയുന്നു.

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെയും പേരെടുത്ത് പറയാതെ വിമര്‍ശിക്കുന്നുണ്ട്. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ തനിക്കെതിരെ മാധ്യമങ്ങളിലുടനീളം അഭിമുഖം നല്‍കുന്നു. അദ്ദേഹം പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കുമ്പോള്‍ 20 കോടിയുടെ പര്‍ച്ചേസ് ക്രമക്കേട് ധനവകുപ്പ് സെക്രട്ടറിയായിരിക്കെ താന്‍ കണ്ടെത്തിയിരുന്നു. മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തിരുന്നയാളുടെ അഴിമതിയും താന്‍ ധനവകുപ്പ് സെക്രട്ടറിയായിരിക്കെ കണ്ടെത്തി അത്തരത്തിലുള്ള ആളുകളുടെ കോക്കസ് ആണ് തനിക്കെതിരായ ഹര്‍ജിക്ക് പിന്നില്‍. താന്‍ രാജിവെച്ചാല്‍ ഇവരുടെ വിജയമായി വ്യാഖ്യാനിക്കപ്പെടുമെന്നും കെ എം എബ്രഹാം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!