ഡ്യൂട്ടിക്കിടെ പൊലീസുകാർ മദ്യപിച്ച സംഭവം; രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

കൊല്ലം പത്തനാപുരത്ത് ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിന് നാട്ടുകാർ പിടികൂടിയ പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി. ഗ്രേഡ് എസ് ഐ സുമേഷ്, സിപിഒ മഹേഷ് എന്നിവരെയാണ് കൊട്ടാരക്കര റൂറൽ എസ്പി സാബു മാത്യു അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

രണ്ടു ദിവസം മുമ്പാണ് അർധരാത്രിയോടെ പത്തനാപുരം പട്ടണത്തിൽ കൺട്രോൾ റൂം വാഹനത്തിലെത്തിയ 2 പൊലീസുകാർ മദ്യപിച്ച് ലക്കുകെട്ടിരിക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. നാട്ടുകാർ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുംചെയ്തു. സ്ഥലത്തുനിന്നും കടന്നു കളയാൻ ശ്രമിച്ച ഇരുവരെയും തടഞ്ഞുവച്ചു.

പൊലീസ് വാഹനത്തിനുള്ളിൽ മദ്യകുപ്പികളുൾപ്പെടെ നാട്ടുകാർ കണ്ടെത്തി. ഇതോടെ തടഞ്ഞു നിർത്തിയവരെ ഇടിച്ചുതെറിപ്പിക്കും വണ്ണം അപകടകരമായ നിലയിൽ വാഹനമോടിച്ച് പൊലീസുകാർ കടന്നു കളഞ്ഞു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൺട്രോൾ റൂം ഗ്രേഡ് എസ് ഐ സുമേഷ്, സി പി ഒ മഹേഷ് എന്നിവരെ തിരിച്ചറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!