‘മോദിയുടെ ഗ്യാരണ്ടി’, സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ എണ്ണിയെണ്ണി പറഞ്ഞ് പ്രധാനമന്ത്രി; ഏറ്റുവിളിച്ച് സദസ്


തൃശൂര്‍: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ഗ്യാരണ്ടി എന്ന് പറഞ്ഞ് നടപ്പാക്കിയ പദ്ധതികള്‍ മോദി എണ്ണിയെണ്ണി പറഞ്ഞു.

രാജ്യത്ത് സ്ത്രീകള്‍ക്ക് പത്തുകോടി ഉജ്വല കണക്ഷന്‍ നല്‍കി. ഇത് സാധ്യമായത് എങ്ങനെയാണ്? ‘മോദിയുടെ ഗ്യാരണ്ടി’. 11 കോടി സഹോദരിമാര്‍ക്ക് പൈപ്പ് വെള്ളം നല്‍കി. ശൗചാലയം നിര്‍മ്മിച്ച് നല്‍കി. ഇതെല്ലാം സാധ്യമായത് മോദിയുടെ ഗ്യാരണ്ടി വഴിയാണ്. ഇത്തരത്തില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി നടപ്പാക്കിയ പദ്ധതികള്‍ മോദി എണ്ണിയെണ്ണി പറഞ്ഞപ്പോള്‍ സദസ്സും ഇത് ഏറ്റുവിളിച്ചു.

ബിജെപി തൃശൂരിൽ സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.

കേരളത്തിലെ ‘എന്റെ അമ്മമാരെ സഹോദരിമാരെ’ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്ത് കൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. എന്നെ അനുഗ്രഹിക്കാന്‍ എത്തിയ എല്ലാ സ്ത്രീകളോടും നന്ദി. എല്ലാ വനിതകള്‍ക്ക് പുതുവത്സരാശംസകള്‍ നേരുന്നു.

ഇന്നലെയായിരുന്നു മന്നത്ത് പത്മനാഭന്റെ ജയന്തി ദിനം. അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു. വാരാണസിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ തന്റെ ഏറ്റവും വലിയ ഭാഗ്യമാണ് ഇവിടെ വടക്കുംനാഥന്‍ ക്ഷേത്രത്തില്‍ മഹാദേവന്റെ മണ്ണില്‍ നിന്ന് സംസാരിക്കാന്‍ കഴിഞ്ഞത്. ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ള എല്ലാവരിലും തൃശൂര്‍ പൂരത്തിന്റെ ആവേശമാണ് കാണുന്നതെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!