വാഹനാപകട കേസില്‍ റെക്കോര്‍ഡ് നഷ്ടപരിഹാരത്തുക വിധിച്ച് കേരള ഹൈക്കോടതി…

കൊച്ചി: വാഹനാപകട കേസില്‍ റെക്കോര്‍ഡ് നഷ്ടപരിഹാരത്തുക വിധിച്ച് കേരള ഹൈക്കോടതി. 2013ല്‍ പത്തനംതിട്ടയിലുണ്ടായ അപകടത്തില്‍ നഴ്സും അച്ഛനും മരിച്ച കേസിൽ ആറര കോടി രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്. പത്തനംതിട്ട മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിം ട്രിബ്യൂണലിന്‍റെ ഉത്തരവിനെതിരെ നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ ഹർജി തള്ളിക്കൊണ്ടാണ് കേരളാ ഹൈക്കോടതിയുടെ വിധി.

ഓസ്ട്രേലിയയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നഴ്സായി ജോലി ചെയ്തിരുന്ന കുളത്തുപ്പുഴ സ്വദേശിനി ഷിബി എബ്രഹാം 2013ല്‍ എംബിഎ പരീക്ഷ എഴുതാന്‍ നാട്ടിലെത്തിയതായിരുന്നു. മെയ് 9ന് പരീക്ഷ കേന്ദ്രത്തിലേക്ക് അച്ഛന്‍ എബ്രഹാമിനൊപ്പം ബൈക്കില്‍ യാത്രചെയ്യവേയാണ് എതിരെവന്ന ലോറി ഇടിച്ചു തെറിപ്പിച്ചത്. ഷിബി തൽക്ഷണം മരിച്ചു. എബ്രഹാം ചികിത്സയിലിരിക്കെ മരിച്ചു.

ബന്ധുക്കള്‍ നല്‍കിയ കേസില്‍ നഷ്ടപരിഹാരമായി 2.92 കോടി രൂപയും 7 ശതമാനം പരിശയും കോടതി ചെലവായി 7.14 ലക്ഷം രൂപയും അച്ഛന്‍ മരിച്ചതില്‍ 4.92 ലക്ഷം രൂപയും 9 ശതമാനം പലിശയും കോടതി ചെലവായി 26,897 രൂപയും നല്‍കാന്‍ പത്തനംതിട്ട പത്തനംതിട്ട മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിം ട്രിബ്യൂണല്‍ വിധിച്ചു. വിധിക്കെതിരെ നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. നഷ്ട പരിഹാരത്തുക വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷിബിയുടെ കുടുംബവും ഹൈക്കോടതിയെ സമീപിച്ചു. പതിനാറ് വര്‍ഷത്തെ ഓസ്ട്രേലിയന്‍ ശമ്പളം നഷ്ടപരിഹാരമായി കണക്കാക്കി 73.68 ലക്ഷം രൂപയും 7 ശതമാനം പലിശയും അധികമായി നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ജി നല്‍കിയ കക്ഷികളുടെ ചെലവും ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്ന് ഈടാക്കാന്‍ ഉത്തരവിട്ടു. ഇതോടെയാണ് നഷ്ടപരിഹാരത്തുക 6.5 കോടിയായി ഉയര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!