ടാങ്കർ ലോറിയെ മറികടന്ന് അമിത വേഗതയിൽ ദിശ തെറ്റിച്ചെത്തിയ ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ, വൈദ്യുതി പോസ്റ്റിലിടിച്ചു

തലയോലപ്പറമ്പ് : ടാങ്കർ ലോറിയെ മറികടന്ന് അമിത വേഗതയിൽ ദിശ തെറ്റിച്ചെത്തിയ ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ, വൈദ്യുതി പോസ്റ്റിലിടിച്ചു.

അലക്ഷ്യമായി ഓടിച്ച് അപകടമുണ്ടാക്കിയിട്ടും ബസ് നിർത്താതെ പോയി. കാറിൻ്റെ മുൻ ഭാഗം പൂർണമായും തകർന്നു.

കോട്ടയം എറണാകുളം റൂട്ടിൽ തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ ഇന്ന് രാവിലെയാണ് സംഭവം. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾപുറത്ത് വന്നിട്ടുണ്ട്. ഇതിൽ ബസ് ആണ് അപകടം വരുത്തിയതെന്ന് വ്യക്തമാണ്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോയ കൊല്ലം സ്വദേശികളായ അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്.

സ്വകാര്യ ബസ് അമിത വേഗതയിൽ, ദിശ തെറ്റിച്ച് ടാങ്കർ ലോറിയെ മറി കടന്ന് എത്തുന്നത് കണ്ടതോടെയാണ് ബസിലിടിക്കാതെ കാർ വെട്ടിച്ചത്. എന്നാൽ റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാർ നിർത്തുവാൻ സാധിച്ചത്.

കാർ വെട്ടിച്ചതിനാലാണ് ടാങ്കർ ലോറിയിലിടിക്കാതെ മുന്നോട്ട് പോകാൻ ബസിനും സാധിച്ചത്.
എന്നാൽ അപകടത്തിന് കാരണക്കാരായിട്ടും അസഭ്യം പറഞ്ഞു ബസ് ജീവനക്കാർ നിർത്താതെ പോയതായാണ് പരാതി.

ജർമ്മനിയിലേക്ക് പോകുന്ന സുഹൃത്തിനെ വിമാനത്താവളത്തിൽ കൊണ്ടുവിടാനായി പോകുകയായിരുന്നു കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശികൾ.

ഇവർ തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകി.

കോട്ടയം എറണാകുളം പാതയിൽ സ്വകാര്യ ബസുകളുടെ അമിതവേഗത, പതിവായി അപകടങ്ങൾക്കും കാരണമാകുന്നതായി ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!