കഴുത്തിൽ ബ്ലെയ്ഡ് വച്ച് ആത്മഹത്യ ഭീഷണി, ലഹരിക്ക് അടിമ; മകനെ പൊലീസിൽ ഏല്പിച്ച് മാതൃകയായി അമ്മ

കോഴിക്കോട്: ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏല്പിച്ച് അമ്മ. കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിനെ (26)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ ഇയാൾ വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നിരന്തരം ഭീഷണി തുടർന്നതോടെയാണ് മകനെതിരെ അമ്മ മിനി പൊലീസിൽ പരാതി നൽകിയത്.

പോക്സോ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ രാഹുൽ 9 മാസത്തോളം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി ഹാജരാകാതെ ഒളിവിൽ നടക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. തുടർന്ന് ഇന്ന് രാവിലെ മിനി പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ രാഹുൽ കഴുത്തിൽ ബ്ലെയ്ഡ് വച്ച് ആത്മഹത്യ ഭീഷണി മുഴക്കി. തുടർന്ന് പൊലീസ് അനുനയിപ്പിച്ച് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

സമ്പാദ്യം മുഴുവനും നശിപ്പിച്ചു. പണം നൽകണമെന്നാവശ്യപ്പെട്ട് വീട്ടിൽ നിരന്തരം ബഹളമുണ്ടാക്കി. വസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിച്ചു. നിവൃത്തിയില്ലാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്നും മിനി പറഞ്ഞു. മുൻപും രാഹുലിനെതിരെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. രാഹുലിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മിനി മാധ്യമങ്ങളോട് പറഞ്ഞു.

വീടിന് അകത്തുപോലും മകൻ പതിവായി ലഹരി മരുന്ന് ഉപയോഗിക്കാറുണ്ട്. പലതവണ അക്രമാസക്തനായിട്ടുണ്ട്. വിമുക്തി കേന്ദ്രത്തിലും മകനെ പ്രവേശിപ്പിച്ചിരുന്നുവെന്നും അമ്മ വ്യക്തമാക്കി. എലത്തൂർ പ്രിൻസിപ്പൽ എസ്ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട്, താമരശ്ശേരി, കൂരാച്ചുണ്ട്, ഇടുക്കി ജില്ലയിലെ പീരുമേട് പൊലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!