ജയന്‍ ചേര്‍ത്തലയ്ക്ക് എതിരായ പരാതി.. ‘അമ്മ’ നിയമസഹായം നല്‍കും…

കൊച്ചി : ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം നിയമയുദ്ധത്തിലേക്ക്. നടന്‍ ജയന്‍ ചേര്‍ത്തലയ്ക്ക് എതിരായ പരാതിയില്‍ അമ്മ നിയമസഹായം നല്‍കും. നിര്‍മാതാക്കളുടെ സംഘടന അമ്മയ്ക്ക് ഒരു കോടി രൂപ നല്‍കാനുണ്ടെന്ന ജയന്‍ ചേര്‍ത്തലയുടെ പരാമര്‍ശമാണ് പരാതിക്ക് കാരണമായത്.

ജയന്‍ ചേര്‍ത്തല തങ്ങളെ മാധ്യമങ്ങളിലൂടെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം സിജിഎം കോടതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ജയന്‍ ചേര്‍ത്തല മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് നല്‍കിയെങ്കിലും ജയന്‍ ചേര്‍ത്തല അതിനോട് പ്രതികരിച്ചിരുന്നില്ല. പിന്നാലെയാണ് തര്‍ക്കം വന്‍ നിയമയുദ്ധത്തിലേക്ക് നീങ്ങിയിരിക്കുന്നത്.

ജയന്‍ ചേര്‍ത്തലയ്ക്കായി മുതിര്‍ന്ന അഭിഭാഷകനെ തന്നെ വയ്ക്കുമെന്നാണ് അമ്മയുടെ നിലപാട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വന്‍ സാമ്പത്തിക ബാധ്യതയിലാണെന്ന് അറിയിച്ചപ്പോള്‍ പണം കടം നല്‍കിയത് അമ്മയാണെന്നും ഒരു ഷോയ്ക്ക് വേണ്ടി വന്‍ താരങ്ങള്‍ പ്രതിഫലം പോലും വാങ്ങാതെയാണ് വന്നതെന്നും ഇനിയും അസോസിയേഷന്‍ അമ്മയ്ക്ക് കുറച്ച് തുക തരാനുണ്ടെന്നുമാണ് മാധ്യമങ്ങളിലൂടെ ജയന്‍ ചേര്‍ത്തല അറിയിച്ചിരുന്നത്. 

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കടക്കെണിയിലാണെന്നും സഹായിച്ചത് അമ്മയാണെന്നുമുള്ള ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാട്. അമ്മയും നിര്‍മാതാക്കളും ഷോ നടത്തിയത് കൃത്യമായ കരാറിന്റെ അടിസ്ഥാനത്തിലാണെന്നും വരുമാനം പങ്കിടാനുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ താരങ്ങള്‍ പങ്കെടുക്കുമ്പോള്‍ അതെങ്ങനെ സഹായം ആകുമെന്നാണ് അസോസിയേഷന്റെ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!