മാവേലിക്കര- കായംകുളത്ത് പുതുപ്പളളി കൂട്ടംവാതുക്കൽ പാലത്തിൽ വാൾമുനയിൽ ഗുണ്ടാ നേതാവിന്റെ പിറന്നാളാഘോഷിച്ചതിന് കായംകുളം പൊലീസ് പിടികൂടി വിട്ടയച്ചയാളെ ഉൾപ്പടെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കരയിൽ സ്ത്രീയേയും മകനെയും വീടുകയറി ആക്രമിച്ച കേസ്സിലാണ് അറസ്റ്റ്. ഒന്നാം പ്രതിയായ കറ്റാനം ഭരണിക്കാവ് വടക്ക് കിഴക്കേത്ത് വിളയിൽ വീട്ടിൽ സണ്ണി എന്ന് വിളിക്കുന്ന പ്രവീൺ (29), രണ്ടാം പ്രതിയായ മാവേലിക്കര പൊലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയ വെട്ടിയാർ അറുന്നൂറ്റിമംഗലം കാട്ടുപറമ്പിൽ വീട്ടിൽ അപ്പൂസ് എന്ന് വിളിക്കുന്ന വിഷ്ണു (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വിഷ്ണുവിന്റെ അകന്ന ബന്ധുവിനെ ആക്രമണത്തിന് ഇരയായ സ്ത്രീയുടെ മകൻ വിവാഹം കഴിച്ചിട്ട് ഇപ്പോൾ അകന്ന് കഴിയുന്നതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. വൈകിട്ട് 6.30ന് കാറിൽ മാരകായുധങ്ങളുമായി സ്ത്രീ താമസിക്കുന്ന വീട്ടുമുറ്റത്ത് എത്തുകയും തുടർന്ന് അസഭ്യം പറഞ്ഞുകൊണ്ട് പ്രതികൾ വടികളുമായി വീട്ടിനുള്ളിൽ അതിക്രമിച്ച് കയറുകയും വീട്ടിനകത്തിരിക്കുകയായിരുന്ന സ്ത്രീയുടെ മകനെ പിടിച്ച് വലിച്ച് മുറ്റത്തേയ്ക്ക് കൊണ്ടുവന്ന് ഉപദ്രിവിക്കുകയുമായിരുന്നു. ഇതുകണ്ട് തടസ്സം പിടിക്കാൻ ചെന്ന സ്ത്രീയെ നിഷ്ഠൂരമായി ഉപദ്രവിക്കുകയും നൈറ്റി വലിച്ചുകീറി മാനഹാനിപ്പെടുത്തു കയും ചെയ്തു.
മാവേലിക്കര പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചയുടൻ കേസ്സ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം പൊലീസിന്റെ കണ്ണുവെട്ടിച്ച് കാറിൽ രക്ഷപെടാൻ ശ്രമിക്കുന്നതിടയിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. രണ്ടുദിവസം മുമ്പാണ് കായംകുളത്തെ ഗുണ്ടാ ലിസ്റ്റിൽപ്പെട്ട വിഠോബ ഫൈസലിന്റെ പിറന്നാൽ ആഘോഷം പാലത്തിന് നടുവിൽ വെച്ച് കേക്ക് മുറിച്ച് ആഘോഷിച്ചതിന് പ്രവീണിനെ പൊലീസ് പിടികൂടിയത്. ഈ മാസം 13ന് ഇതേ സ്ത്രീയുടെ മകൻ വിഷ്ണു മുള്ളിക്കുളങ്ങര സി.ഐ.ഡി മുക്കിൽ ജെ.സി.ബി ഓപ്പറേറ്റ് ചെയ്തുകൊണ്ടിരുന്നപ്പോൾ വാഹനത്തിൽ കയറി വിഷ്ണുവിനെ ഉപദ്രവിച്ചതിനും അപ്പൂസ് എന്ന് വിളിക്കുന്ന വിഷ്ണുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മാവേലിക്കര സി.ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നൗഷാദ്.ഇ, മധുസൂദനൻ, സാബു മാത്യു, അസി.എസ്.ഐ നോബിൾ ജി.എച്ച്, സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഒന്ന് റിമാന്റ് ചെയ്തു.