തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർക്കോട് വരെയുള്ള ഏഴു ജില്ലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. വിവിധ കേന്ദ്രങ്ങളിൽ നിന്നും പോലീസ് സുരക്ഷയിലാണ് ഉദ്യോഗസ്ഥർ പോളിംഗ് സാമഗ്രികളുമായി ബൂത്തുകളിലേക്ക് പോയത്.
പ്രശ്നബാധിത ബൂത്തുകളിലുൾപ്പെടെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ രാവിലെ തന്നെ ഉദ്യോഗസ്ഥർ എത്തിയിരുന്നു. എട്ടു മണിയോടെ നടപടികൾ തുടങ്ങി.
ത്രിതല പഞ്ചായത്തിലേക്ക് മൂന്നു ബാലറ്റ് യൂണിറ്റും,ഒരു കൺട്രോൾ യൂണിറ്റുമടങ്ങുന്ന പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഏറ്റു വാങ്ങി. കോർപ്പറേഷനുകളിലും നഗരസഭകളിലും ഒരു ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റും വീതമാണ് വിതരണം ചെയ്തത്.
വോട്ടിംഗ് യന്ത്രങ്ങൾ പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥർ അതാത് ബൂത്തുകളിലേക്ക് കൊണ്ടു പോയത്. കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏർപ്പെടുത്തിയിരിക്കുന്നത്. കേരളാ പോലീസിനു പുറമേ, ബംഗളൂരുവിൽ നിന്നും കോയമ്പത്തൂരിൽ നിന്നും ആർ എ എഫിനേയും വിവിധിയിടങ്ങളിൽ വിന്യസിച്ചു.
കോഴിക്കോട് ജില്ലയിൽ മാത്രം ഏഴായിരത്തിയഞ്ഞൂറ് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഏറ്റവുമധികം പ്രശ്നബാധിത ബൂത്തുകൾ കണ്ണൂർ ജില്ലയിലാണ്. 1025 ബൂത്തുകൾ. 5100 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കണ്ണൂരിൽ വിന്യസിച്ചിരിക്കുന്നത്. വെബ് കാസ്റ്റിംഗ് സംവിധാനങ്ങളുൾപ്പെടെ വിവിധ ബൂത്തുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
